10 വർഷത്തെ കാത്തിരിപ്പ്: കുലശേഖരം പാലം ഇന്ന് തുറക്കും

Friday 24 March 2023 3:22 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിനെയും കാട്ടാക്കടയെയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലം 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. കരമനയാറിന് കുറുകെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് 2013ൽ ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും നിർമ്മാണം ഏഴ് വർഷത്തോളം വൈകിച്ചു. ഒടുവിൽ 2019ൽ നിർമ്മാണമാരംഭിച്ചെങ്കിലും കൊവിഡ് വില്ലനായി.

120 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള പാലത്തിന് നാല് കോൺക്രീറ്റ് തൂണുകളുണ്ട് ഗതാഗതത്തിന് 7.5 മീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്ററുമാണ് വീതി. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്.60 സെന്റ് ഭൂമിയാണ് പാലത്തിനായി ഏറ്റെടുത്തത്. സ്ഥലമേറ്റെടുക്കലിനും നിർമ്മാണത്തിനുമായി 12.50 കോടി രൂപ ചെലവഴിച്ചു. പൊതുമരാമത്ത് വകുപ്പിലെ ബ്രിഡ്ജസ് വിഭാഗമായിരുന്നു നിർമ്മാണം. വട്ടിയൂർക്കാവ്, പേരൂർക്കട പ്രദേശങ്ങളിൽനിന്ന് പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്ററോളം കുറയ്ക്കാനും തിരുമല കുണ്ടമൺകടവ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും പാലം സഹായകമാകും.