പ്രധാനമന്ത്രിയും അമിത് ഷായും കർണ്ണാടകയിലേക്ക്

Friday 24 March 2023 2:00 AM IST

മംഗളൂരു: കർണ്ണാടകയിലെ പ്ര തിപക്ഷ കക്ഷികളുടെ എതിർപ്പുകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കർണ്ണാടക സന്ദർശിക്കുന്നു. പ്രധാനമന്ത്രി 25നും അമിത് ഷാ 24, 26 തീയതികളിലും കർണ്ണാടകയിലെത്തും. സംസ്ഥാനത്തുടനീളമുള്ള മെഗാ ഇവന്റുകളിൽ ബാക്ക് ടു ബാക്ക് സന്ദർശനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണവും നടത്തി വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികളുമായാണ് ഇരുവരും എത്തുന്നത്. സർദാർ വല്ലഭായി പട്ടേലിന്റെയും നാദപ്രഭു കെംപഗൗഡയുടെയും ബസവേശ്വരന്റെയും പ്രതിമകൾ അമിത് ഷാ അനാശ്ചാദനം ചെയ്യും. കർണാടകയിലെ ബിദാർ ജില്ലയിലെ ഗോർട്ട ഗ്രാമത്തിലാണ് സർദാർ പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ബംഗളൂരു വിധാൻ സൗദത്തിന്റെ പരിസരത്താണ് കെംപ ഗൗഡയുടെയും സാമൂഹ്യ പരിഷ്കർത്താവായ ബസവേശ്വരയുടെയും പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്. 26നാണ് ഈ പ്രതിമകൾ അനാച്ഛാദനം ചെയ്യുക. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ ലൈൻ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി 25 ന് എത്തുന്നത്. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടെക് കൊറിഡോർ എന്ന പേരിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും അമിത്ഷായുടെയും അപ്രതീക്ഷിത വരവ് കർണാടകയിലെ പ്രതിപക്ഷ കക്ഷികളെ അമ്പരപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അമിത് ഷാ കർണാടക സന്ദർശിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. അതെ സമയം പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള വരവിനെതിരെ കർണ്ണാടക കോൺഗ്രസ് എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.