അടുത്ത വമ്പൻ റിപ്പോർട്ട് ഉടൻ വരുമെന്ന് ഹിൻഡൻബർഗ്  ലക്ഷ്യം അദാനിയോ എന്ന് വ്യക്തമല്ല

Friday 24 March 2023 2:07 AM IST

ന്യൂയോർക്ക് : അദാനി ഗ്രൂപ്പിനെ വന്‍പ്രതിസന്ധിയിലെത്തിച്ച റിപ്പോര്‍ട്ടിനുശേഷം മറ്റൊരു വലിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഉടൻ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ട്വിറ്ററിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. 'ന്യൂ റിപ്പോർട്ട് സൂൺ, അനദർ ബിഗ് വൺ" എന്നാണ് ട്വീറ്റ്. ഇതോടെ അടുത്ത ലക്ഷ്യം ആരായിരിക്കുമെന്ന വലിയ ആകാംക്ഷയും ആശങ്കയുമാണ് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ കുറിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അദാനി ഗ്രൂപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട 106 പേജുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന അദാനിയുടെ ആസ്തി 2022 ഡിസംബര്‍ 13ന് 134.2 ബില്യണ്‍ യു.എസ് ഡോളറായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം 50.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. നിരവധി നിക്ഷേപകര്‍ അദാനിയുടെ കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചതാണ് കാരണം. കമ്പനികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ചോദ്യം ചെയ്യുന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന് മറുപടിയായി 400 പേജുള്ള പ്രതികരണം അദാനി ഗ്രൂപ്പ് പുറത്തുവിട്ടെങ്കിലും ഓഹരി വിലയില്‍ ഇടിവ് തുടര്‍ന്നു. 28 ബില്യൺ ഡോളറാണ് അദാനിക്ക് നഷ്ടമായത്.

ബ്ളോക്കിലെ സാമ്പത്തിക

ക്രമക്കേടുകൾ പുറത്തുവിട്ടു

അതേസമയം, ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള രണ്ടു വർഷത്തെ റിപ്പോ‌ർട്ട് പുറത്തുവിട്ടതായി ഹിൻഡൻബർഗിന്റെ വെബ്സൈറ്റിൽ പറയുന്നു. സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചുവന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണിമൂല്യം വ‌ർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. റിപ്പോർട്ട് പുറത്തുവന്നതോടെ ബ്ളോക്കിന്റെ ഒാഹരി വില കുത്തനേ ഇടിഞ്ഞു.