പെൻഷൻ പരിഷ്കരണം: ഫ്രാൻസിൽ പ്രക്ഷോഭം പത്താംദിവസത്തിലേക്ക്

Friday 24 March 2023 2:11 AM IST

പാരിസ്: ഫ്രാൻസിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഒമ്പത് ദിവസം പിന്നിട്ടു.നിരവധി പ്രതിഷേധറാലികളാണ് രാജ്യവ്യാപകമായി നടന്നത്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവീഥികളിലുള്ളത്. പലയിടങ്ങളിലും പ്രക്ഷോഭകർ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തി. പലയിടത്തും സ്കൂളുകളും അടഞ്ഞു കിടന്നു. ടുളൂസിനടുത്ത് ഹൈവേയും റെന്നിസിൽ ബസ് ഡിപ്പോയും പ്രക്ഷോഭകർ ബ്ളോക്ക് ചെയ്തു. നഗരത്തിലെങ്ങും ചപ്പുചവറുകൾ കൂടിക്കിടക്കുന്നതും കാണാൻ കഴിഞ്ഞു.

റിട്ടയമെന്റ് പ്രായം 62 ൽ നിന്ന് 64ലേക്ക് ഉയർത്തുന്നതിനെതിരെയാണ് പ്രതിഷേധം. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പ്രസ്റ്റീജ് വിഷയമായി എടുത്താണ് നടപടി മുന്നോട്ടു കൊണ്ടുപോകുന്നത്. നിയമം നടപ്പാക്കാതിരിക്കാനാവില്ലെന്നാണ് മാക്രോണിന്റെ നിലപാട്. ഇൗ വർഷം അവസാനം നിയമം പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ബുധനാഴ്ച അദ്ദേഹം പറഞ്ഞു. 64 വയസു വരെ ജോലി ചെയ്യാത്തവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും മുഴുവൻ പെൻഷനും ലഭിക്കില്ലെന്നതാണ് ജീവനക്കാർ എതിർപ്പു പ്രകടിപ്പിക്കാൻ കാരണം. നിയമം രൂപീകരിക്കുന്നതിന് തുടക്കമിട്ടപ്പോൾ തന്നെ യൂണിയനുകൾ എതിർപ്പുമായി മുന്നോട്ടു വന്നിരുന്നു. ജനുവരി മുതൽ തന്നെ അവർ പ്രക്ഷോഭ രംഗത്താണ്.

പ്രസിഡന്റിന് മാക്രോണിന് കാര്യങ്ങൾ വ്യക്തമാവുന്ന വിധത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പെൻഷൻ പരിഷ്കരണത്തെ ശക്തമായി എതിർക്കു സി.ജി.ടി യൂണിയന്റെ നേതാക്കളിലൊരാൾ പറഞ്ഞു.

ഇതുവരെ പ്രതിഷേധക്കാർ സമാധാനപരമായ പ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പാരിസിലും മറ്റു നഗരങ്ങളിലും പ്രകടനങ്ങളിൽ ജീവനക്കാരുടെ രോഷപ്രകടനം വ്യക്തമായിരുന്നു. ചിലർ വേസ്റ്റ് ബിന്നുകളും മറ്റും കത്തിക്കുകയും ചില ഭാഗത്ത് പൊലീസുമായി ഏറ്റുമുട്ടലുകളുമുണ്ടായി. മാക്രോണിനെതിരെ ശക്തമായ വികാരമാണ് ഉണ്ടായിട്ടുള്ളതെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. അഭിപ്രായ സർവേകളിലും പെൻഷൻ പരിഷ്കരണത്തോട് എതിർപ്പാണ് കാണിക്കുന്നത്. പാർലമെന്റിൽ വോട്ടെടുപ്പില്ലാതെ ബില്ലവതരിപ്പിക്കുന്നു എന്നതിലും എതിർപ്പുണ്ട്.

ജീവനക്കാരുടെ രോഷം മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും സർക്കാരിന് പെൻഷൻ പരിഷ്കരണവുമായി മുന്നോട്ടു പോവുകയേ മാർഗ്ഗമുള്ളൂവെന്ന് തൊഴിൽ വകുപ്പ് മന്ത്രി ഒളീവിയർ ഡസ്സോട്ട് പറഞ്ഞു.