ഉസ്ബെക്കിസ്ഥാനിൽ കുട്ടികളുടെ മരണം: സിറപ്പ്നിർമ്മാണ ലൈസൻസ് ഇന്ത്യ റദ്ദാക്കി

Friday 24 March 2023 2:14 AM IST

ജനീവ: ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ സിറപ്പ് നിർമ്മിച്ച ഇന്ത്യ ആസ്ഥാനമായുള്ള കമ്പനിയുടെ ലൈസൻസ് വേൾഡ് ഹെൽത്ത് ഒാർഗനൈസേഷന്റെ ഗുപാർശയെ തുടർന്ന് ഇന്ത്യ റദ്ദാക്കി. മാരിയോൺ ബയോ ടെക് നിർമ്മിച്ച രണ്ട് ബ്രാൻഡ് കഫ് സിറപ്പുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് ജാഗ്രത വേണമെന്നും ഡബ്ളിയു.എച്ച്.ഒ ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, മാരിയോൺ ബയോ ടെക് ഇൗ ആരോപണം നിഷേധിക്കുകയാണുണ്ടായത്. ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരണമടഞ്ഞതോടെ ഇന്ത്യൻ ആരോഗ്യവകുപ്പ് ഇൗ കമ്പനിയുടെ മരുന്നു നിർമ്മാണം നിറുത്തിവയ്പിച്ചിരുന്നു. പിന്നീട് ഉത്തർപ്രദേശിലുള്ള കമ്പനിയുടെ നിർമ്മാണ ലൈസൻസ് പൂർണ്ണമായും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. നോയിഡ സിറ്റിയിലുള്ള കമ്പനിയ്ക്ക് മരുന്നുകൾ നിർമ്മിക്കാൻ അനുമതിയില്ലെന്ന് ഡ്രഗ് ഇൻസ്പെക്ടർ വൈഭവ് ബബ്ബാർ പറഞ്ഞു.

വികസ്വര രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ ജനറിക് ഒൗഷധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഇൗയടുത്ത് നിരവധി കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ നിർമ്മിക്കുന്ന രീതിയാണ് നിലവാരക്കുറവിന് കാരണമാകുന്നത്.

മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പുകളുടെ ഗുണനിലവാര പരിശോധനയിൽ മായം ചേർന്നതും വ്യാജവുമായ വസ്തുക്കൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡോക്-1 മാക്സ്, അംബ്രനോൾ എന്നീ ബ്രാൻഡുകളിലുള്ള സിറപ്പ് കൊടുത്ത കുട്ടികളാണ് ഉസ്ബെക്കിസ്ഥാനിൽ മരണമടഞ്ഞത്.