പൗലോസ് താക്കോൽക്കാരൻ പുരസ്കാരം കെ.കെ.ശൈലജയ്ക്ക്

Friday 24 March 2023 2:16 AM IST

ചാലക്കുടി: ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവും മുൻ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയ്ക്ക് നൽകും. താക്കോൽക്കാരന്റെ മുപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി കെ.രാജൻ പുരസ്‌കാര സമർപ്പണം നടത്തും. 25ന് വൈകിട്ട് മൂന്നിന് ചാലക്കുടി വ്യാപാരഭവനിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ധനസഹായ വിതരണവും ഭവനത്തിന്റെ താക്കോൽ ദാനവും ധാരണാപത്ര കൈമാറ്റവും നടക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ എബി ജോർജ് വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തും. മുൻ എം.എൽ.എമാരായ ബി.ഡി.ദേവസി, എ.കെ.ചന്ദ്രൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് എന്നിവർ അനുസ്മരണം നടത്തും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി യു.എസ്.അജയകുമാർ, ട്രഷറർ അഡ്വ.പി.ഐ.മാത്യു, കമ്മിറ്റി അംഗങ്ങളായ പി.സുഭാഷ്ചന്ദ്രദാസ്, സുനിൽ സരോവരം എന്നിവർ പങ്കെടുത്തു.