നിർമ്മാണ തൊഴിലാളി കൺവെൻഷൻ സംഘടിപ്പിച്ചു

Friday 24 March 2023 2:17 AM IST

തൃശൂർ: തൊഴിലും ക്ഷേമ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മേയ് 24ന് സംസ്ഥാന വ്യാപകമായി എല്ലാ കളക്ടറേറ്റുകളിലേക്കും തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ തൃശൂരിൽ ചേർന്ന നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതി സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. സമരത്തിന്റെ പ്രചാരണാർത്ഥം തിരുവനന്തപുരത്ത് നിന്നും, കാസർകോട് നിന്നും പ്രയാണമാരംഭിച്ച് എറണാകുളത്ത് സമാപിക്കുന്ന രണ്ട് ജാഥകൾ നടത്തും. മേയ് ഒന്നിന് നിർമ്മാണ തൊഴിലാളികളുടെ അവകാശ ദിനമായി ആചരിക്കാനും കൺവെൻഷൻ തീരുമാനിച്ചു. മുൻ എം.പി.തമ്പാൻ തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഐക്യവേദി ചെയർമാൻ കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ടി.എൻ.രാജൻ അവകാശ രേഖ അവതരിപ്പിച്ചു. ജനറൽ കൺവീനർ വിശ്വകല തങ്കപ്പൻ, കൃഷൺ കോട്ടുമല, ടി.ടി.പൗലോസ്, പി.കെ.എം.ബഷീർ, മുഹമ്മദാലി, എ.പി.പോളി, കൊച്ചുമോൻ, ജയൻ കോന്നിക്കര സംസാരിച്ചു.