ഡിജിറ്റൽ ബാങ്കിംഗ് രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാക്കി: റിസർവ് ബാങ്ക് ഡെപ്യുട്ടി ഗവർണർ

Friday 24 March 2023 2:23 AM IST

തൃശൂർ: സാധാരണക്കാരിലും ഡിജിറ്റൽ ബാങ്കിംഗ് വ്യാപകമായതോടെ രാജ്യം അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായെന്നും ഈ കുതിപ്പ് ഇനിയും തുടരുമെന്നും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ രാജേശ്വർ റാവു. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ 31ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡാനന്തരം ആഗോള സമ്പദ് വ്യവസ്ഥ തകർന്നപ്പോൾ, ഇന്ത്യയുടെ സാമ്പത്തിക ശക്തി വർദ്ധിക്കുകയാണുണ്ടായത്. ബാങ്കിംഗിലെ സാങ്കേതിക മികവാണ് അതിന് ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞു. ടി.എം.എ പ്രസിഡന്റ് കെ.പോൾ തോമസ് അദ്ധ്യക്ഷനായി. കളക്ടർ വി.ആർ.കൃഷ്ണ തേജ, ബാങ്ക് ഒഫ് ന്യൂയോർക്ക് (മെലൺ) മുൻ എം.ഡി.അനീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ടി.എം.എ മണപ്പുറം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജ്യോതി ലാബ്‌സ് ചെയർമാൻ എം.പി.രാമചന്ദ്രനും, ടി.എം.എ ലിയോ ഫാർമ മാനേജ്‌മെന്റ് എക്‌സലൻസ് അവാർഡ് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണനും സമർപ്പിച്ചു. ടി.എം.എ ടി.ആർ രാഘവൻ മെമ്മോറിയൽ ബെസ്റ്റ് മാനേജ്‌മെന്റ് സ്റ്റുഡന്റ് അവാർഡ് കൊരട്ടി നൈപുണ്യ ബിസിനസ് സ്‌കൂളിലെ അന്ന രാജനും, ടി.എം.എ സ്‌കോളർഷിപ്പ് നിർമ്മല കോളേജ് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പാർവതിക്കും, ടി.എം.എ ധനലക്ഷ്മി ബാങ്ക് സ്‌കോളർഷിപ്പുകൾ കൊരട്ടി നൈപുണ്യ ബിസിനസ് സ്‌കൂളിലെ മെമന്റോ ബിജുവിനും, പി.സി.അഞ്ജലിക്കും ലഭിച്ചു. ഹൈക്കൺ ബിസിനസ് പ്ലാൻ കോണ്ടസ്റ്റ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. ധനലക്ഷ്മി ബാങ്ക് എം.ഡി ജെ.കെ.ശിവൻ, ഇസാഫ് ബാങ്ക് ചെയർമാൻ പി.ആർ.രവി മോഹൻ, മണപ്പുറം എം.ഡി വി.പി.നന്ദകുമാർ, ടി.എം.എ സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി എം. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.