കൊടുങ്ങല്ലൂരിൽ ഇന്ന് അശ്വതി കാവു തീണ്ടൽ
കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് രേവതി വിളക്കിന്റെ പൊൻ വെട്ടം. കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന കുരുംബക്കാവിൽ ഇന്ന് പതിനായിരങ്ങൾ അശ്വതി കാവുതീണ്ടും. ഭക്തി ലഹരിയിൽ കോമരങ്ങളും പരിവാരങ്ങളും ക്ഷേത്രത്തെയും ക്ഷേത്ര നഗരിയെയും അമ്മേ .. ദേവി... ശരണം വിളികളാൽ പ്രകമ്പനം കൊള്ളിക്കുകയാണ്. കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങായ അശ്വതി കാവു തീണ്ടാനായി ആയിരങ്ങൾ കാവിലെത്തി. പള്ളിവാളും കാൽച്ചിലമ്പുമായെത്തിയ കോമരക്കൂട്ടങ്ങളും അവർക്ക് അകമ്പടികളായി മുളന്തണ്ടിൽ താളമിട്ടു ദേവീസ്തുതികളുമായി ഭക്തസംഘങ്ങളും കുരുംബക്കാവ് നിറഞ്ഞുകഴിഞ്ഞു. രാവിലെ വലിയ തമ്പുരാൻ കഞ്ഞുണ്ണി രാജ പല്ലക്കിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി ബലിക്കൽ പുരയിൽ ഉപവിഷ്ഠനാകും. പാലക്കവേലൻ ദേവീദാസൻ കൂർത്ത തൊപ്പിയും പാലപ്പൂ മാലയും ധരിച്ചു ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഉപവിഷ്ടനാകും. വലിയ തമ്പുരാനിൽ നിന്ന് അനുമതി വാങ്ങി അടികൾമാർ തൃച്ചന്ദന ചാർത്ത് പൂജ നടത്തും. ഈ മണിക്കൂറുകൾ ക്ഷേത്രത്തിലേക്ക് ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. ക്ഷേത്രാങ്കണത്തിലാകെ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന കാഴ്ചയായിരിക്കും എവിടെയും. തൃച്ചന്ദന ചാർത്ത് പൂജ കഴിയുന്നതോടെ വലിയ തമ്പുരാൻ തന്ത്രികൾക്കും അവകാശികൾക്കും അധികാര ദണ്ഡ് കൈമാറും. വലിയ തമ്പുരാന്റെ അനുമതി വെളിപ്പെടുത്തി കോയ്മ വാസുദേവൻ എമ്പ്രാന്തിരി ചുവന്ന പട്ടു കൂട ഉയർത്തുന്നതോടെ അക്ഷമരായി കാത്തുനിന്ന പതിനായിരങ്ങൾ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളന്തണ്ടുകളാൽ ആഞ്ഞടിച്ചു അമ്മേ ശരണം ദേവീ ശരണം വിളികളാൽ ക്ഷേത്രം പ്രദക്ഷിണം ചെയ്യും.