കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളെ പീഡിപ്പിക്കുന്നുവെന്ന്

Friday 24 March 2023 2:34 AM IST

തൃശൂർ: കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കുകളെയും, സഹകരണ സംഘങ്ങളെയും 65, 68 വകുപ്പ് ഉപയോഗിച്ച് സഹകരണ വകുപ്പ് പീഡിപ്പിക്കുകയാണെന്ന് ആക്ഷേപം. ബാങ്കുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും അഴിമതിയുണ്ടെന്ന് വരുത്തിത്തീർക്കുകയുമാണ് ലക്ഷ്യം. ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാക്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എം.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കെന്ന പേരിൽ പ്രവർത്തിക്കുകയാണ്. എല്ലാ ശാഖകളിലും ഒരു സോഫ്റ്റ് വെയർ ആക്കാൻ ശ്രമം തുടങ്ങിയെങ്കിലും കഴിഞ്ഞിട്ടില്ല. ജില്ല സഹകരണ ബാങ്കുകളുള്ള കാലത്ത് ജില്ലാ ബാങ്കിന്റെയും മറ്റുമായി 85 എ.ടി.എം. പ്രവർത്തിച്ചിരുന്നു, ഇപ്പോൾ ഒന്നുമില്ലെന്നും ജനാധിപത്യവേദി ആരോപിച്ചു. ജോസഫ് ചാലിശ്ശേരി, ഭാസ്‌കരൻ ആദംക്കാവിൽ, ടി.എം.നാസർ, സുന്ദരൻ കുന്നത്തുള്ളി, സി.മുരാരി, സി.ഒ.ജേക്കബ്, വിൻസെന്റ് കാട്ടൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.