പിഴയടക്കാതിരിക്കാനുള്ള വിദ്യ വിനയായി; പൊലീസ് സ്‌റ്റേഷനിൽ നിന്ന് സ്വന്തം വണ്ടി കട്ടെടുത്ത യുവാവ് പിടിയിൽ

Friday 24 March 2023 9:46 AM IST

മുംബയ്: പാ‌ർക്കിംഗ് നിരോധിത മേഖലയിൽ പാർക്ക് ചെയ്‌തതിന് പൊലീസ് പിടിച്ചെടുത്ത വാഹനം പിഴയടക്കാതെ മോഷ്‌ടിച്ചെടുത്ത യുവാവ് പിടിയിൽ. മുംബയിലെ ആസാദ് മൈതാൻ പൊലീസ് സ്‌‌റ്റേഷൻ പരിസരത്താണ് സംഭവം.

അനധികൃത പാർക്കിംഗിന് പിഴയടയ്‌ക്കാൻ മടിച്ച ബൈക്കുടമ താരിഖ് അഹമ്മദ് മഖ്‌സൂദ് ഖാൻ(24) ആണ് പിടിയിലായത്. ഗോവണ്ടി സ്വദേശിയാണിയാൾ. പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ഇത്തരം വാഹനങ്ങൾ താഴിട്ട് പൂട്ടിയിരുന്നു. ഇത് തകർത്താണ് താരിഖ് സ്വന്തം വണ്ടി മോഷ്‌ടിച്ചത്.

വാഹനം മോഷണം പോയതറിഞ്ഞ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ഇതിൽ ഇയാൾ വാഹനം കൊണ്ടുപോകുന്നത് വ്യക്തമായതോടെയാണ് വാഹന ഉടമയെത്തന്നെ മോഷണക്കേസിൽ പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കട്ടറുപയോഗിച്ചാണ് പൂട്ട് തകർത്തതെന്നും പിഴയടക്കാൻ സമ്മതമല്ലാത്തതുകൊണ്ടാണ് മോഷണം നടത്തിയതെന്നുമാണ് പ്രതി പറഞ്ഞത്.