തിരുവനന്തപുരത്തേക്കുള്ള  വിമാനത്തിൽ  യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ ചേർന്ന് കൈകാര്യം ചെയ്തു, പൊലീസിനോട്  പരാതിയില്ലെന്ന് യുവതി

Friday 24 March 2023 10:00 AM IST

ശംഖുംമുഖം: വിമാനത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാർ. വ്യാഴാഴ്ച വൈകിട്ട് മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് പിടികൂടിയെങ്കിലും യുവതിക്ക് പരാതി ഇല്ലെന്നറിയിച്ചതോടെ ഇയാളെ വിട്ടയച്ചു. സംഭവം ഇങ്ങനെ: പത്തനംതിട്ടക്കാരിയായ യുവതിയും ഭർത്താവുമിരുന്ന സീറ്റിന് പിന്നിലിരുന്ന തിരുവനന്തപുരം സ്വദേശിയാണ് യുവതിയെ ഉപദ്രവിച്ചത്. ഇക്കാര്യം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവ് ഇത് ചോദ്യം ചെയ്തതോടെ ഇയാൾ യുവതിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ചു.

ഇതോടെ വിമാനത്തിലെ മറ്റ് യാത്രക്കാർ അക്രമിയെ 'കൈകാര്യം ചെയ്തു ' സീറ്റിലിരുത്തി. വിമാനം ലാൻഡ് ചെയ്തതോടെ എയർലൈൻസ് അധികൃതർ എയർപോർട്ട് മാനേജർക്ക് പരാതി നൽകി. തുടർന്ന് യുവതിയും ഭർത്താവും തങ്ങൾക്ക് പരാതിയുണ്ടെന്ന് എയർപോർട്ട് മാനേജരെ അറിയിച്ചു. അക്രമിയെ തടഞ്ഞുവച്ച് എയർപോർട്ട് അധികൃതർ വലിയതുറ പൊലീസിന് കൈമാറി. പരാതിക്കാരോട് സ്റ്റേഷനിലെത്താൻ നിർദേശിച്ച പൊലീസ് യുവാവിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവരെത്തി യുവതിയും ഭർത്താവുമായും സംസാരിച്ച് സംഭവം ഒത്തുതീർത്തു. തുടർന്ന് പരാതിയില്ലെന്ന് യുവതി അറിയിച്ചതോടെ യുവാവിനെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.