2024ലെ തിരഞ്ഞെടുപ്പിൽ അമിത് ഷാ നേരിട്ട് നോക്കുന്ന 70 മണ്ഡലങ്ങളിൽ ഒരെണ്ണം കേരളത്തിൽ, കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ബലവന്ദ്  എത്തിയത് പ്രത്യേക ദൗത്യവുമായി 

Friday 24 March 2023 11:08 AM IST

തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി നിർദ്ദേശങ്ങൾ നൽകി മടങ്ങിയതിന് പിന്നാലെ തുടർപ്രവർത്തനത്തിനായി കഴിഞ്ഞ ദിവസം മറ്റൊരു കേന്ദ്ര മന്ത്രി കൂടി ജില്ലയിലെത്തി . തൃശൂർ പാലർമെന്റ് മണ്ഡലത്തിന്റെ പ്രഭാരി കൂടിയായ കേന്ദ്രമന്ത്രി ബലവന്ദ് കുബേയാണ് തൃശൂർ, പാലക്കാട് മണ്ഡലങ്ങളുടെ യോഗത്തിൽ പങ്കെടുത്തത്. ലോക്സഭാ മണ്ഡലങ്ങളിലെ കോർ കമ്മിറ്റി യോഗമാണ് ചേർന്നത്.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ആദ്യം വിശകലനമുണ്ടായത്. പേജ് പ്രമുഖരെ കണ്ടെത്താനുള്ള മാനദണ്ഡവും വിശദമായി വിലയിരുത്തി. വോട്ടർപട്ടികയിലെ പേജിന് ചുമതലക്കാരെ നിശ്ചയിക്കുന്നതിന് ബി.ജെ.പി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇവരുടെ റിപ്പോർട്ടുകൾ വിലയിരുത്തിയാണ് പ്രവർത്തനം ക്രോഡീകരിക്കുന്നത്. അമിത് ഷാ വന്നപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരുന്ന 23 നിർദ്ദേങ്ങൾ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്ന് വിലയിരുത്തിയിരുന്നു. രാജ്യത്ത് അമിത് ഷാ നേരിട്ട് നോക്കുന്ന 70 മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. അതിന്റെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം കഴിഞ്ഞ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും മറ്റൊരു കേന്ദ്രമന്ത്രി കൂടിയെത്തിയത്. മേയിൽ അമിത് ഷാ വീണ്ടും തൃശൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.