അയോഗ്യനാക്കണമെന്ന് പരാതിയ്‌ക്ക് പിന്നാലെ രാഹുൽ പാർലമെന്റിൽ; കേന്ദ്ര സർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ

Friday 24 March 2023 11:51 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയടക്കം വിമർശിച്ച കേസിൽ രണ്ട് വർഷം തടവ്‌ശിക്ഷ വിധിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിലെത്തി. രാഹുലിനെ അയോഗ്യനാക്കണമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് സഭയിലെത്തിയത്. ഇതിനിടെ ബഹളത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്‌ക്ക് 12 വരെ നിർത്തിവച്ചു.

പ്രവ‌ർത്തകരെ അണിനിരത്തി ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്‌തതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏ‌ർപ്പെടുത്തിയിരിക്കുന്നത്. വിജയ് ചൗക്കിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തുന്നത്. തുടർന്ന് ഇവിടെയും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം കേന്ദ്ര സർക്കാരിനെതിരെ നിയമയുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി 14 പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സിബിഐയും ബിജെപിയുടെ എതിർ പാർട്ടികളിലെ നേതാക്കളെ മാത്രം കുടുക്കുന്നതിന് കേന്ദ്ര സർക്കാ‌ർ ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. ഒരു നേതാവ് ആരോപണം ഉയ‌ർന്നതിന് പിന്നാലെ ബിജെപിയിൽ ചേർന്നാൽ അവർക്കെതിരായ കേസ് ദുർബലമാകുകയോ ഇല്ലാതാകുകയോ ചെയ്യുമെന്നും ഈ പാർട്ടികൾ ആരോപിക്കുന്നു.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), ഭാരത് രാഷ്‌ട്ര സമിതി, രാഷ്‌ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം), നാഷണൽ കോൺഫറൻസ്, ഡിഎംകെ, എൻസിപി, ഇടത് പാർട്ടികൾ എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.