ഹൃദ്‌രോഗിയായ മൂന്ന് വയസുകാരനെ ക്രൂരമായി ഉപദ്രവിച്ചു, കരയുന്നത് ജലദോഷം കൊണ്ടെന്ന് രക്ഷിതാക്കളോട് പറഞ്ഞു; പാറശാലയിൽ അങ്കണവാടി ആയക്കെതിരെ പരാതി

Friday 24 March 2023 11:58 AM IST

തിരുവനന്തപുരം: അങ്കണവാടിയിലെത്തിയ ഹൃദ്‌രോഗിയായ മൂന്ന് വയസുകാരന് നേരെ ആയയുടെ അതിക്രമം. പാറശാല കാരോട് ചാരോട്ടുകോണം വാ‌ർഡിലെ അങ്കണവാടിയിൽ ബുധനാഴ്ച സംഭവം. കുട്ടിയുടെ ശരീരത്തിൽ അടിച്ചും നുള്ളിയും ആയ പരിക്കേൽപ്പിച്ചതായി കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. ആയ സിന്ധുവിന്റെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയെ കൂട്ടാൻ അമ്മ വൈകിട്ട് അങ്കണവാടിയിൽ എത്തിയപ്പോഴാണ് കുട്ടി കരഞ്ഞ് അവശനിലയിലിരിക്കുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോൾ കുട്ടിക്ക് ജലദോഷമുണ്ടെന്നും അതിനാലാണ് കരയുന്നതെന്നും സിന്ധു പറഞ്ഞു. വീട്ടിലെത്തി കുട്ടിയുടെ വസ്ത്രം മാറ്റിയപ്പോഴാണ് കാലുകളിൽ അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് ആയ കാട്ടിയ ക്രൂരതയെ പറ്റി കുട്ടി പറഞ്ഞത്. ഇതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

കുട്ടിക്ക് ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം ചികിത്സ തുടരുകയാണ് എന്നും രക്ഷിതാക്കൾ പറഞ്ഞു. പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.