ഉമ തോമസിന് പകരം സ്വപ്ന സുരേഷ്; വ്യാജ പ്രചാരണത്തിൽ സൈബർ പൊലീസിൽ പരാതി നൽകാനൊരുങ്ങി വി ഡി സതീശൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള തന്റെ വ്യാജ ഫോട്ടോയ്‌ക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ തോമസ് എം എൽ എയ്‌ക്കൊപ്പമുള്ള സതീശന്റെ ഫോട്ടോയാണ് മോർഫ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഉമ തോമസിനൊപ്പമുള്ള ഫോട്ടോയെടുത്തത്. ഇത് എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേർക്കുകയായിരുന്നു. 'കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.
ഇടത് സൈബർ ഇടങ്ങളിൽ ഫോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് വി ഡി സതീശൻ പരാതി നൽകാനൊരുങ്ങുന്നത്. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരിലും വ്യാജ പോസ്റ്റർ പ്രചരിച്ചിരുന്നു. കോൺഗ്രസ് കേരളത്തിൽ അധികാരത്തിലെത്തിയാൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന് പ്രിയങ്ക പറയുന്ന രീതിയിലുള്ളതായിരുന്നു പോസ്റ്റർ.