കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ സ്വന്തം തട്ടകത്തിൽ ജയിച്ചത് ബി ജെ പി, കൽബുർഗി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടിടാൻ പോലുമെത്താതെ മല്ലികാർജുൻ ഖാർഗെ

Friday 24 March 2023 12:28 PM IST

ബംഗളൂരു : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയുടെ നാട്ടിലും കോൺഗ്രസിന് കാലിടറി. കൽബുർഗി സിറ്റി കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ബി ജെ പി സ്ഥാനാർത്ഥികളായ വിശാൽ ദർഗി, ശിവാനന്ദ് പിസ്തി എന്നിവരാണ് മേയറും, ഡെപ്യൂട്ടി മേയറുമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗമെന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും ഖാർഗെ എത്തിയിരുന്നില്ല. 2021ലാണ് കൽബുർഗി മഹാനഗരപാലികയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ വൈകുകയായിരുന്നു. വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം.

ഇവിടെ താമസിക്കുന്ന, മറ്റു ജില്ലകളിൽ നിന്നുള്ള എം എൽ സിമാരെ വോട്ടർപ്പട്ടികയിൽ നിന്നും മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതിയിൽ നിന്നുൾപ്പടെ ഇവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്ന നടപടിക്ക് അനുകൂല വിധിയാണുണ്ടായത്. ഇതേതുടർന്ന് അവസാന നിമിഷവും സുപ്രീം കോടതിയിൽ നിന്നും സ്‌റ്റേ ലഭിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

വോട്ടർ പട്ടികയിലെ 65 അംഗങ്ങളാണ് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബിജെപി എംഎൽസി ലക്ഷ്മൺ സവാദി, ജെഡി(എസ്) കോർപ്പറേറ്റർ അലീമുദ്ദീൻ പട്ടേൽ എന്നിവർ വോട്ട് രേഖപ്പെടുത്തിയില്ല. പതിമൂന്ന് വർഷത്തിന് ശേഷമാണ് കൽബുർഗി കോർപ്പറേഷൻ കോൺഗ്രസിൽ നിന്നും ബി ജെ പി പിടിച്ചെടുക്കുന്നത്.

Advertisement
Advertisement