തിരുവനന്തപുരത്ത് പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു, പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

Friday 24 March 2023 12:34 PM IST

തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്നലെ വെെകുന്നേരം മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷായുടെ കെെയിൽ നിന്നാണ് പണം പിടിച്ച് പറിച്ച് പ്രതികൾ കടന്നു കളഞ്ഞത്. പമ്പിലെ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകവേയാണ് സംഭവം.

ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കെെയിലെ പൊതി തട്ടിപ്പറിച്ച് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. പ്രതികൾ ഹെൽമറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിലെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

മംഗലപുരം പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷ്ടക്കൾ പോത്തൻകോട് ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടതെന്ന് മനസിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രയിൽ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം മനസിലാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ് നിഗമനം. പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.