ഇതിന്  ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ ? മന്ത്രി മുഹമ്മദ് റിയാസിനെ നിശിതമായി വിമർശിച്ച് ബി ജെ പി 

Friday 24 March 2023 3:14 PM IST

കേരളത്തിൽ ദേശീയപാത വികസനം അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. മലാപ്പറമ്പ് പുതുപ്പാടി ദേശീയപാതാ വികസനത്തിന് 454.01 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അവകാശവാദത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു എന്നാണ് സുരേന്ദ്രൻ മന്ത്രിയോട് ചോദിക്കുന്നത്. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളതെന്നും, ഒരു നയാപൈസയെങ്കിലും സംസ്ഥാന സർക്കാർ ചെലവാക്കുന്നുണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ...