നോമ്പുകാലവും ചുട്ടുപൊള്ളുന്ന ചൂടും; പഴങ്ങൾക്ക് പൊള്ളുംവില
കോട്ടയം: നോമ്പുകാലവും ചുട്ടുപൊള്ളുന്ന ചൂടും കൂടിയായതോടെ പഴങ്ങളുടെ വിലയും പൊള്ളിത്തുടങ്ങി. ഒരുമാസം മുൻപ് വരെ വില കുറഞ്ഞ നിന്നിരുന്ന പഴങ്ങളുടെ വിലയിൽ വൻവർദ്ധനവാണുണ്ടായിരിക്കുന്നത്. ഓറഞ്ച്, പപ്പായ, പൈനാപ്പിൾ എന്നിവയ്ക്കാണ് ഉയർന്നവില.
50 രൂപയിൽ താഴെ വിലുണ്ടായിരുന്ന പൈനാപ്പിളിന്റെ വില 70 ആയി ഉയർന്നു. പൈനാപ്പിൾ കയറ്റുമതി വർദ്ധിച്ചതും ലഭ്യതക്കുറവുമാണ് വില വർദ്ധനവിന് കാരണം. ഓറഞ്ചിന് 100 രൂപയാണ്. സീസൺ കഴിഞ്ഞതോടെ ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. പപ്പായ വില 40 ൽ നിന്ന് 50 രൂപയായി. ഏത്തപ്പഴത്തിന് വിലയിടിവാണ്. പേരയ്ക്ക മാങ്ങ, നീലം മാങ്ങ എന്നിവയുടെ സീസൺ ആരംഭിച്ചു. കർണാടകയിലെ ഡംഗിലിൽ നിന്നാണ് മുന്തിരി ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ആപ്പിളാണ് വിപണിയിൽ ലഭിക്കുന്നത്. ഓറഞ്ച് നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിൽ നിന്നും തണ്ണിമത്തൻ ബംഗളൂരു, ഡ്വിന്റിവനം എന്നിവിടങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്.
ഈന്തപ്പഴത്തിനും ഡിമാൻഡ്
ഈന്തപ്പഴത്തിന് 160 രൂപ മുതൽ 1000 രൂപ വരെയാണ് വില. ഈരാറ്റുപേട്ടയിലാണ് ജില്ലയിലെ ഈന്തപ്പഴ വിപണി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈന്തപ്പഴം വിപണിയിലുണ്ട്. ഇരുപതിലധികം രുചിഭേദങ്ങളുമുണ്ട്. സ്‌പെഷ്യൽ മദീന ഈന്തപ്പഴവുമുണ്ട്.
വില ഇങ്ങനെ
ആപ്പിൾ ഗാല 240, ഗ്രീൻ 240, തുർക്കി റെഡ് 220, ജോളി റെഡ് 220, പിങ്ക് ലേഡി 240, പിയർ ആപ്പിൾ 340, അവകാഡോ 400, കിവി 120, മുന്തിരി സീഡ് ലെസ് 140, മുന്തിരി 80, തണ്ണിമത്തൻ (അകം മഞ്ഞ) 50, പുറംമഞ്ഞ (40), കിരൺ 30, സാധാ 25.
വ്യാപാരി ഷാമോൻ കളരിക്കൽ പറയുന്നു.
"കഴിഞ്ഞവർഷം സാധനങ്ങൾക്ക് ക്ഷാമം നേരിടുന്ന സ്ഥിതിയായിരുന്നു. ഇത്തവണ കാലാവസ്ഥയും നോമ്പും വിപണനത്തിന് അനുകൂലമാണ്".