യൂണിയനുകളുടെ പിടിവാശി, നെല്ല് പാടത്ത് തന്നെ കൊയ്ത് കൂട്ടിയ പ്രതീക്ഷ ഇങ്ങനെ കെടുത്തരുത്.
കോട്ടയം . തടസങ്ങൾ ഒന്നിന് പിറകെ ഒന്നായി വരികയാണ്. ആശങ്കകൾക്കിടയിലൂടെയാണ് കോതാടി കണ്ണങ്കേരി പാടശേഖരത്തിൽ കൃഷിയിറക്കിയ കർഷകർ ഓരോ നിമിഷവും തള്ളിനീക്കുന്നത്. കൊയ്ത് കൂട്ടിയ പ്രതീക്ഷകൾ വാരിക്കൂട്ടാൻ തൊഴിലാളികളെ കിട്ടാത്തതാണ് പുതിയ പ്രതിസന്ധി. മുൻവർഷങ്ങളിൽ നെല്ല് കരയ്‌ക്കെത്തിച്ചിരുന്നത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ്. ഇത്തവണ ആരെയും കിട്ടാനില്ല. 10 ദിവസം മുൻപ് കൊയ്തെടുത്ത 1500 ക്വിന്റൽ നെല്ലാണ് പാടശേഖരത്തിൽ വെയിലേറ്റ് കൂടിക്കിടക്കുന്നത്. നെല്ല് ചാക്കുകളിലാക്കി തലച്ചുമടായി കരയ്ക്ക് എത്തിക്കണം. യൂണിയൻ തൊഴിലാളികളെ മാത്രമേചുമടിനായി നിയോഗിക്കാവൂയെന്ന നിബന്ധനയാണ് കർഷകർക്ക് പൊല്ലാപ്പായത്. നെല്ല് പാടത്ത് തന്നെ കിടന്നാൽ മഴ പെയ്താൽ നശിക്കുമെന്ന് കർഷകർ പറയുന്നു. കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയവരാണധികവും. 65 ഏക്കറിൽ 40 ഓളം കർഷകരാണ് കൃഷിയിറക്കിയത്.
ചൂടേറ്റ് തൂക്കവും കുറയും
കടുത്ത ചൂടിൽ നെല്ല് കൂടുതൽ ഉണങ്ങിപ്പോകുന്നതിനും തൂക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്നാണ് കർഷകരുടെ ആശങ്ക. ഇത്തവണ വിളവും കുറവായിരുന്നു. ഒരു ഏക്കറിൽ 30 ക്വിന്റൽ കിട്ടുന്നിടത്ത് ഇത്തവണ ലഭിച്ചത് 20 ക്വിന്റൽ. നെല്ല് കൊണ്ടുപോയാലേ മുടക്ക് മുതലെങ്കിലും കർഷകർക്ക് ലഭിക്കുകയുള്ളൂ. യൂണിയനുകളുടെ പിടിവാശി മൂലം അതുംകിട്ടുമോയെന്ന് ഉറപ്പില്ല. ചുമട്ട് കൂലി വർദ്ധിച്ചതും ഇരട്ടിഭാരമാണ്. ഒരു ക്വിന്റലിന് മുൻപ് 150 രൂപയായിരുന്നത് ഇത്തവണ 220 ആയി. നെല്ല് നിറയ്ക്കുന്നതിനും മറ്റും വേറെ തൊഴിലാളികളെ ആശ്രയിക്കണം. ഒരു ദിവസം 4400 രൂപ ഈ ഇനത്തിൽ കർഷകർ ചെലവഴിക്കണം.
കർഷകൻ സാബുവിന്റെ വാക്കുകൾ.
നെല്ല് ഉണങ്ങിപ്പോയാൽ തൂക്കകുറവ്, ഈർപ്പത്തിന്റെ തോത്, ചാക്കിന്റെ തൂക്കം എന്നിവയെല്ലാം കഴിയുമ്പോഴേയ്ക്കും ഒരു ക്വിന്റൽ നഷ്ടമാകുന്ന സ്ഥിതിയാണ്. കർഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി നെല്ല് നീക്കത്തിനുള്ള നടപടികൾ എത്രയും വേഗം നടത്തണം.