മകനെപ്പോലെ സഹായിച്ച വൃദ്ധ ദമ്പതികളുടെ അരുംകൊല, കൊടുംക്രൂരതയ്ക്ക് തൂക്കുകയർ

Saturday 25 March 2023 12:16 AM IST

കോട്ടയം . മകനെപ്പോലെ കൂടെ നിറുത്തി സഹായിച്ച വൃദ്ധ ദമ്പതികളെ പണത്തിനായി അരുംകൊല നടത്തിയ അരുൺ ശശിയ്ക്ക് കിട്ടിയത് അർഹിക്കുന്ന ശിക്ഷ. പണത്തിനായി എന്തുംചെയ്യുന്ന സ്വഭാവക്കാരനാണ് അരുണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷനും സാധിച്ചതും നേട്ടമായി. അമ്മ മരിച്ച അരുണിന് തങ്കമ്മയുടെ വീട്ടിലുണ്ടായിരുന്ന സർവ സ്വാതന്ത്ര്യം ദയാരഹിതമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതിന് മുൻപ് നടത്തിയ വിവിധ മോഷണങ്ങളിൽ പിടിക്കപ്പെടാതെ കൂടി വന്നതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. കൃത്യമായ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. മുൻവാതിലിലൂടെ അകത്ത് കയറി കൃത്യം നിർവഹിച്ച ശേഷം മുളക് പൊടി വിതറി തെളിവ് നശിപ്പിച്ചും വാക്കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച് തെറ്റിദ്ധരിപ്പിച്ചും അരുണിലെ ക്രിമിനൽ ബുദ്ധി ഉണർന്നു. ടെറസിലൂടെ ഊ‌ർന്ന് കയറി ബൾബ് ഊരി മാറ്റി. മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നും തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ബൾബിലെ ഫിംഗർ പ്രിന്റ് അരുണിന് കുരുക്കായി.

മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

മാതാപിതാക്കളെപ്പോലെ കരുതേണ്ട രണ്ട് സാധു ജന്മങ്ങളെ ഇല്ലാതാക്കിയത് അതിക്രൂരമായാണ്. ഭാസ്കരൻ നായരെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തരിമ്പും കുറ്റബോധവുമില്ലാതെ തലയുടെ വിവിധയിടങ്ങളിലായി ആഞ്ഞടിച്ചു. രക്തത്തിൽ കുളിച്ച് ജീവനായി പിടയുന്ന ഭാസ്കരൻ നായരുടെ മുഖത്ത് തലയിണ കൊണ്ട് അമർത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. ഭാസ്‌കരൻ നായരുടെ ശരീരത്തിൽ 17 മാരക ക്ഷതങ്ങളും തങ്കമ്മയുടെ ശരീരത്തിൽ ഒമ്പതു ക്ഷതങ്ങളുമുണ്ടായിരുന്നു.