കേന്ദ്ര സർക്കാർ നീക്കം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ; രാഹുൽ സംസാരിച്ചത് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലെന്ന് അഭിഷേക് മനു സിംഗ്‌വി

Friday 24 March 2023 4:21 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നീക്കം യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് രാഹുൽ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


'പാർലമെന്റിനകത്തും പുറത്തും രാഹുൽ ഗാന്ധി നിർഭയമായി സംസാരിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. സർക്കാർ ഭയന്നു. കേന്ദ്രം രാഹുലിനെ നിശബ്ദനാക്കാൻ പുതിയ വിദ്യകൾ കണ്ടെത്തുകയാണ്. സർക്കാരിനെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ സ്വാധീനിക്കുന്നതിന്റെ തെളിവാണിത്."- അദ്ദേഹം പറഞ്ഞു.

എം പി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് സിംഗ്‌വിയുടെ പ്രതികരണം. ഇന്നലെ മുതൽ അയോഗ്യനാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. മാനനഷ്ടക്കേസിലെ സൂററ്റ് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ വസതിയിലെത്തിയിട്ടുണ്ട്. വിധി സ്‌റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന് എട്ട് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഔദ്യോഗിക വസതിയും നഷ്ടമാകും.