അഞ്ചുപേരെ കടിച്ച നായ ചത്തു

Saturday 25 March 2023 12:51 AM IST

വൈക്കം . വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം ആറുവയസുകാരനെയടക്കം അഞ്ചുപേരെ കടിച്ച തെരുവുനായ ചത്തു. പേവിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. നായയുടെ മൃതദേഹം തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

വൈക്കം നഗരസഭയിലെ 25, 26 വാർഡുകളിലെ താമസക്കാരായ നാലുപേരെയും ഉദയനാപുരം പഞ്ചായത്ത് പനമ്പുകാട് സ്വദേശിയേയുമാണ് തെരുവുനായ കടിച്ചത്. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ യുവാവ് നായയെ പിന്നീട് വലയിലാക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം ബന്ധിച്ച് നായയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ചത്തത്.