പോരാടുന്നത് ഇന്ത്യയുടെ ശബ്‌ദത്തിന് വേണ്ടി,​ എന്ത് വില കൊടുക്കാനും തയ്യാർ, അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

Friday 24 March 2023 7:18 PM IST

ന്യൂഡൽഹി : എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം,​ ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്,​ അതിന് വേണ്ടി എന്തുവില കൊടുക്കാനും തയ്യാറാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മാനനഷ്ടക്കേസിൽ രണ്ടുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ഭരണഘടനയുടെ 101(1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പാൽ സിംഗാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്

2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോഗ്യനാക്കിയത്. ഇതോടെ ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് വിലക്കുണ്ടാകും. അപ്പീൽ നൽകാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ മേൽക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയുണ്ടാകുന്നത്.