തൊഴിലരങ്ങത്തേക്ക്: ജോബ് ഓഫർ ലെറ്ററുകൾ കൈമാറി

Friday 24 March 2023 8:03 PM IST

തൃശൂർ: കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായുള്ള വനിതാ തൊഴിൽ മേളയിൽ തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ജോബ് ലെറ്ററുകൾ വിതരണം ചെയ്തു. കിലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ലെറ്റർ കൈമാറി.

തൊഴിലില്ലായ്മ കൂടുതൽ നേരിടുന്നത് സ്ത്രീസമൂഹമാണെന്നും സ്ത്രീപുരുഷ തുല്യതാ അക്ഷരങ്ങളിൽ ഒതുങ്ങേണ്ടതല്ലെന്നും പി.കെ. ഡേവിസ് പറഞ്ഞു. ഇത്തരം പദ്ധതികൾ സ്ത്രീപുരുഷ തുല്യത ഉറപ്പാക്കും. തൊഴിൽ മേളയിൽ 1,120 പേർ പങ്കെടുത്തിരുന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 676 പേരിൽ നിന്നും തെരഞ്ഞെടുത്ത 78 പേർക്കാണ് ലെറ്ററുകൾ കൈമാറിയത്.

കുടുംബശ്രീ ജില്ലാമിഷൻ കോ - ഓർഡിനേറ്റർ എസ്.സി നിർമ്മൽ അദ്ധ്യക്ഷനായി. കേരള നോളജ് എക്കണോമി മിഷൻ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ സി. മധുസൂദനൻ കമ്മ്യൂണിറ്റി അംബാസഡർമാർക്ക് പരിശീലനം നൽകി.