ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികൾ നയിക്കുന്നത് ദുരിത ജീവിതം; 400 ദിവസമായി സമരത്തിൽ

Saturday 25 March 2023 1:17 AM IST

പാലോട് : ഒരുകാലത്ത് തലസ്ഥാന ജില്ലയിലെ പ്രമുഖ തേയിലത്തോട്ടമായിരുന്ന ബ്രൈമൂർ എസ്റ്റേറ്റിൽ അവശേഷിക്കുന്ന തൊഴിലാളികൾ നയിക്കുന്നത് ദുരിത ജീവിതം. മുപ്പതോളം കുടുംബങ്ങളിലായി 130-ഓളം പേരാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന ഒമ്പത് ലയങ്ങളിൽ തിങ്ങിഞെരുങ്ങി കഴിയുന്നത്.

തലമുറകളായി ജീവിക്കുന്ന മണ്ണിന് പട്ടയത്തിനും ഇവർക്ക് അവകാശമില്ല. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ക്ഷേമപദ്ധതികളും അന്യം. തൊഴിലാളികൾക്ക് കൂലിയും അർഹമായ ആനുകൂല്യങ്ങളും നിഷേധിച്ച്,അനധികൃതമായി സ്വകാര്യ ടൂറിസം റിസോർട്ടിന് കളമൊരുക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.പി.എഫും ഗ്രാറ്റുവിറ്റിയും ശമ്പളക്കുടിശികയുമടക്കം നൽകാനുള്ള അർഹമായ ആനുകൂല്യങ്ങളും തലചായ്ക്കാൻ സ്വന്തമായി ഒരുപിടി മണ്ണും ലഭിച്ചാൽ എസ്റ്റേറ്റിൽ നിന്ന് ഒഴിഞ്ഞുപോകാൻ തൊഴിലാളികൾ തയാറാണ്. എന്നാൽ,അത്തരമൊരു ക്ഷേമ പാക്കേജിന് രൂപം

നൽകി ഫലപ്രാപ്തിയിൽ എത്തിക്കാൻ ആരും മുൻകൈയെടുക്കാനില്ല. വിദേശിയായ എഡ്വേഡ് വിൽമൂറിന് ശേഷം സ്വദേശികൾ തോട്ടം ഏറ്റെടുത്തതോടെയാണ് തൊഴിലാളികൾ വഞ്ചിക്കപ്പെട്ടത്.

ഒന്നുമില്ല...
അങ്കണവാടിയോ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ ഒന്നും ഇവിടെയില്ല. റേഷനരി വാങ്ങാൻ ഏഴ് കിലോമീറ്റർ കാടിറങ്ങി ഇടിഞ്ഞാറിലെത്തണം. തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പ് ചെയ്തിട്ടുണ്ടെങ്കിലും 275 മുതൽ 300 രൂപ വരെയാണ് ഇവർക്ക് നൽകിയിരുന്ന വേതനം. കഴിഞ്ഞ 400 ദിവസമായി തൊഴിലാളികൾ സമരത്തിലാണ്.

അനധികൃത ടൂറിസം

എസ്റ്റേറ്റിൽ നടത്തിവരുന്ന സ്വകാര്യ ടൂറിസത്തിന് അനുമതിയില്ലെന്നും നിയമ ലംഘനങ്ങളുടെ പേരിൽ മാനേജ്മെന്റിനെതിരെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്ലാന്റേഷൻ ഇൻസ്പെക്ടർ ഫയൽ ചെയ്ത എട്ടു കേസുകളിൽ വിചാരണ നടന്നുവരികയാണെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.

പരിശോധന

നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഏപ്രിൽ 21ന് എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിൽ ലയങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി. വേതനവ്യവസ്ഥ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ഉടമ തയാറാകാത്തതിന്റെ അടിസ്ഥാനത്തിൽ ജൂൺ ഒമ്പതിന് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും തമിഴ്നാട്ടുകാരായ കമ്പനി ഉടമകൾ സഹകരിക്കുന്നില്ല.

Advertisement
Advertisement