ചാലക്കുടി പ്രസ് ഫോറം അവാർഡ് പ്രഖ്യാപിച്ചു

Saturday 25 March 2023 12:43 AM IST

തൃശൂർ: ചാലക്കുടി മേഖലയിലെ മൺമറഞ്ഞ മാദ്ധ്യമ പ്രവർത്തകരെ അനുസ്മരിക്കുന്നതിന് ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2023 പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മധു സമ്പാളൂർ സ്മാരകമായി, ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷനുമായി സഹകരിച്ച് ഏർപെടുത്തിയ മാദ്ധ്യമ രംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം (11,111 രൂപ) ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം.ജി. രാധാകൃഷ്ണനു സമ്മാനിക്കും.

ജന്മഭൂമി വടക്കാഞ്ചേരി ലേഖകൻ ശിവപ്രസാദ് പട്ടാമ്പി, പുതുക്കാട് എൻ.സി.ടി.വിയിലെ ബൈജു ദേവസി, മലയാള മനോരമ പഴയന്നൂർ ലേഖകൻ ഭാനുപ്രകാശ് പഴയന്നൂർ, തൃശൂർ ടി.സി.വിയിലെ ലിറ്റി ജയ്‌സൺ, കയ്പമംഗലം എസ്.ടി.വിയിലെ ഹരി പെരിഞ്ഞനവും അർഹരായി. 5000 രൂപ രൂപയും ഫലകവും അടങ്ങിയതാണ് ജില്ലാ പുരസ്‌കാരങ്ങൾ. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്കുശേഷം രണ്ടിന് നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന പ്രണാമം 2023ന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് പ്രസിഡന്റ് ഷാലി മുരിങ്ങൂർ, സെക്രട്ടറി സിജോ ചാതേലി, രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ദിലീപ് നാരായണൻ, വൈസ് പ്രസിഡന്റ് അഞ്ജുമോൻ വെള്ളാനിക്കാരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.