റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികൾ പ്രാർത്ഥനാ നിർഭരം

Saturday 25 March 2023 2:16 AM IST
റമളാനിലെ ആദ്യ വെള്ളിയാഴ്ച മാന്നാർ ടൗൺ ജുമാ മസ്ജിദിൽ ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി ജുമുഅ ഖുതുബക്ക് നേതൃത്വം നൽകുന്നു

മാന്നാർ: റമദാനിന്റെ തുടക്കത്തിൽ തന്നെയെത്തിയ ആദ്യവെള്ളിയാഴ്ചയി​ൽ പള്ളികൾ പ്രാർത്ഥനാനിർഭരമായി. വ്രതാനുഷ്ടാനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നേരത്തേതന്നെ പള്ളികളിലെത്തി ഭജനമിരുന്നും ഖുർആൻ പാരായണം ചെയ്തും ആദ്യ വെള്ളിയാഴ്ചയെ വിശ്വാസികൾ ഭക്ത്യാദരപൂർവ്വം എതിരേറ്റു.

മലയാളികളെക്കൂടാതെ അന്യസംസ്ഥാന തൊഴിലാളികളും ആവേശത്തോടെയാണ് പള്ളികളിൽ എത്തിച്ചേർന്നത്. ജുമുഅ നിസ്കാരത്തിനു വിശ്വാസികളെക്കൊണ്ട് പള്ളികളും പരിസരവും നിറഞ്ഞു. റമദാനിലെ 30 ദിനങ്ങളിലെ ആദ്യ പത്ത് അനുഗ്രഹത്തിന്റെ പത്തായാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും അവസാനത്തെ പത്ത് നരകമോചനത്തിന്റെയും ദിനങ്ങൾ. ആദ്യ പത്തിലെ ആദ്യ വെള്ളിയാഴ്ച വളരെ ശ്രേഷ്ഠമായിട്ടാന് വിശ്വാസികൾ കരുതുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യവും പ്രാധാന്യവും ഖുതുബയിലൂടെ വിശദീകരിച്ച ഇമാമുമാർ ദാനധർമ്മങ്ങൾ നടത്താനും റമദാനിന്റെ ചൈതന്യം ഉൾക്കൊണ്ട് ജീവിക്കുവാനും ആഹ്വാനം ചെയ്തു.

മാന്നാർ ടൗൺ ജുമാ മസ്ജിദിൽ ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി ആദ്യ വെള്ളിയാഴ്ച ഖുതുബക്കും നിസ്കാരത്തിനും നേതൃത്വം നൽകി. കുരട്ടിക്കാട് മസ്ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും മാന്നാർ സലഫീ മസ്ജിദിൽ അമീർ മൗലവിയും പാവുക്കര ജുമാ മസ്ജിദിൽ ചീഫ് ഇമാം മുഹമ്മദ് യാസീൻ ബുഖാരി അൽകാമിലും ഇരമത്തൂർ ജുമാമസ്ജിദിൽ ചീഫ് ഇമാം അബ്ദുൾഹക്കീം ഖാസിമിയും ഖുതുബക്കും ജുമുഅ നിസ്കാരത്തിനും നേതൃത്വം നൽകി