കൈക്കൂലിക്കായി 'സ്മൈലി' മെസേജ് ; കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
കൊച്ചി: നികത്തുഭൂമി പുരയിടമാക്കി മാറ്റുന്നതിനായുള്ള കൃഷിവകുപ്പിന്റെ അനുകൂല റിപ്പോർട്ടിനായി പ്രവാസിയിൽനിന്ന് 5000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. പുത്തൻവേലിക്കര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റും കോതമംഗലം സ്വദേശിയുമായ പ്രിജിലാണ് (38) പിടിയിലായത്. പുത്തൻവേലിക്കര സ്വദേശി ആസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന യുവാവിന്റെ പരാതിയിലാണ് നടപടി.
വിജിലൻസുമായി ചേർന്ന് കെണിയൊരുക്കിയ പരാതിക്കാരൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് കൃഷിഓഫീസിന് സമീപത്തുവച്ച് 5,000 രൂപ കൈമാറാമെന്ന് അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ 11ഓടെ പരാതിക്കാരനിൽനിന്ന് പണംവാങ്ങുന്നതിനിടെ പ്രിജിലിനെ കൈയോടെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഒന്നരവർഷം മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള നികത്തുഭൂമി പുരയിടമാക്കി മാറ്റുന്നതിന് പ്രവാസി അക്ഷയവഴി അപേക്ഷിച്ചിരുന്നു. അപേക്ഷ ആർ.ഡി.ഒയ്ക്ക് പോകുകയും അന്വേഷണത്തിനായി പുത്തൻവേലിക്കര കൃഷി ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. ഫയലിന് പിന്നീട് കാര്യമായ അനക്കമുണ്ടായില്ല. കഴിഞ്ഞവർഷം അവധിക്കെത്തിയപ്പോൾ ഭൂമിയുടെ കാര്യം തിരക്കിയെങ്കിലും ഉടനെ നടപടി പൂർത്തിയാകുമെന്ന് കൃഷിഓഫീസർ അറിയിച്ചു. പരാതിക്കാരൻ ആസ്‌ട്രേലിയയിലേക്ക് തിരികെപ്പോയെങ്കിലും നടപടിയുണ്ടായില്ല. ഏതാനും ദിവസംമുമ്പ് വീണ്ടുമെത്തിയ ഇയാൾ വീണ്ടും കൃഷിഓഫീസറെ സമീപിച്ചു. അപേക്ഷയിൽ കൃഷി അസിസ്റ്റന്റ് പ്രിജിൽ സ്ഥലംസന്ദർശിച്ച് നടപടി എടുക്കുമെന്ന് ഉറപ്പുനൽകി. വ്യാഴാഴ്ച സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ പ്രിജിൽ അന്നുരാത്രി പ്രവാസിയുടെ ഫോണിലേക്ക് അഞ്ച് വിരലിന്റെ സ്‌മൈലി അയച്ചു. ഇതെന്താണെന്ന് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അനുകൂല റിപ്പോർട്ടിനായി 5,000രൂപ കൈക്കൂലി നൽകണമെന്ന് പ്രിജിൽ ആവശ്യപ്പെട്ടത്. തുടർന്ന് പ്രവാസി വിജിലൻസിന്റെ ടോൾഫ്രീനമ്പറായ 1064ൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
വിജിലൻസ് ഇന്റലിജൻസ് വിഭാഗം സൂപ്രണ്ട് ഇ.എസ്. ബിജുമോൻ നടപടിയെടുക്കാൻ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ബാബുക്കുട്ടന് നിർദ്ദേശം നൽകി. ഇൻസ്‌പെക്ടർമാരായ മധു, സാജു ജോസഫ്, എസ്.ഐമാരായ സണ്ണി, ഹരീഷ്‌കുമാർ, മാർട്ടിൻ, എ.എസ്.ഐമാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ എസ്.സി.പി.ഒമാരായ ജയദേവൻ, രതീഷ്‌കുമാർ, പ്രമോദ്കുമാർ, മനോജ്, ബിനീഷ്, പ്രജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.