വനിതാ തൊഴിൽ മേള കാട്ടാക്കടയിൽ

Saturday 25 March 2023 1:03 AM IST

കാട്ടാക്കട:കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വനിതകൾക്കായി തൊഴിൽ മേള സംഘടിപ്പിക്കും.അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പം പദ്ധതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 25ന് കുളത്തുമ്മൽ ഗവ.എൽ.പി സ്കൂളിലാണ് ഒപ്പം ജോബ് ഫോർ ഹെർ എന്ന തൊഴിൽ മേള സംഘടിപ്പിക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.രാവിലെ 9മുതൽ വൈകിട്ട് 4ന് പൂർത്തിയാക്കുന്ന തരത്തിൽ ഏകദിന തൊഴിൽമേളയാണ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിൽ എല്ലാ പ്രമുഖ ബിസിനസ് മേഖലകളിലുമുള്ള തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ച് ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അഭിമുഖങ്ങൾ നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.