നിയമത്തിന് എന്താ സ്‌പീ‌ഡ് !

Saturday 25 March 2023 12:00 AM IST

അപകീർത്തിക്കേസിൽ സൂററ്റിലെ മജിസ്ട്രേറ്ര് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ തീരുമാനം ദേശീയരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കാൻ പോരുന്നതാണ്. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നല്കാൻ രാഹുലിന് 30 ദിവസത്തെ സാവകാശം നല്കിയിരുന്നു. ജാമ്യവും നല്കി. തടവുശിക്ഷ നടപ്പാക്കുന്നതിനും മജിസ്ട്രേറ്ര് കോടതിയുടെ സ്റ്റേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മേൽക്കോടതിയിൽ അപ്പീൽ നല്കാനുള്ള ഒരുക്കം പാർട്ടി ഉന്നതങ്ങളിൽ നടക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ലോക്‌സഭാംഗത്വത്തിൽ നിന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

ക്രിമിനൽ കേസിൽ രണ്ടുവർഷമോ അതിലധികമോ ശിക്ഷിക്കപ്പെടുന്ന എം.പിയുടേയും എം.എൽ.എയുടേയും സഭാംഗത്വം പ്രസ്തുതവിധി പുറത്തുവന്നാലുടൻ റദ്ദാകുമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ അപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. വിധി പുറപ്പെടുവിച്ച കോടതിതന്നെ അത് നടപ്പാക്കുന്നത് സ്റ്രേ ചെയ്യുകയും ജാമ്യം നല്കുകയും ചെയ്‌തനിലയ്‌ക്ക് ശിക്ഷിക്കപ്പെട്ടെ ആളെ സഭാംഗത്വത്തിൽനിന്ന് എങ്ങനെ പുറത്താക്കാനാകും എന്നത് ഇനി മേൽക്കോടതി തീരുമാനിക്കേണ്ട നിയമപ്രശ്നമാണ്.

രാഹുൽ സമർപ്പിക്കുന്ന അപ്പീൽ ഹർജിയിൽ കോടതി കൈക്കൊള്ളുന്ന തീരുമാനത്തെ ആശ്രയിച്ചാകും അദ്ദേഹത്തിന്റെ എം.പി സ്ഥാനമെന്ന പൊതുധാരണയ്‌ക്ക് വിരുദ്ധമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. നിയമവൃത്തങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇത് വഴിതുറന്നിടുമെന്ന കാര്യം തീർച്ച. രണ്ടുവർഷത്തെ തടവുശിക്ഷ 30 ദിവസത്തേക്ക് സൂററ്ര് കോടതി തന്നെ സ്റ്റേചെയ്‌ത നിലയ്‌ക്ക് അത് മറികടന്ന് അംഗത്വം റദ്ദാക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റിനായാലും അധികാരമുണ്ടോ എന്ന നിയമപ്രശ്നത്തിൽ നീതിപീഠത്തിൽ നിന്നാണ് ഇനി തീരുമാനം വരേണ്ടത്. സാങ്കേതികമായി അംഗത്വം നഷ്‌ടമായതോടെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌തിരുന്ന വയനാട് ലോക്‌സഭാസീറ്റ് ഉപതിരഞ്ഞെടുപ്പ് വരെ ഒഴിഞ്ഞുകിടക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മോദി സമുദായത്തിന് അപകീർത്തികരമായ ഒരു പരാമർശം നടത്തിയതിന്റെ പേരിലാണ് രാഹുൽഗാന്ധിക്കെതിരെ കേസുണ്ടായത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് ഹർജിയുമായി കോടതിയിലെത്തിയത്. എല്ലാ കള്ളൻമാരുടേയും പേര് അവസാനിക്കുന്നിടത്ത് മോദി എന്ന് കാണുമെന്ന രാഹുൽഗാന്ധിയുടെ പരാമർശം മോദി സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബാങ്കുകളെ കബളിപ്പിച്ച് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ നീരവ് മോദിയുടെയും ലളിത് മോദിയുടെയും പേരുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പരാമർശിക്കുകയായിരുന്നു രാഹുൽ.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ പരാമർശം തന്നെയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സൂററ്റ് കോടതി രാഹുലിന് പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് വിധിച്ചത്.

പ്രതിപക്ഷനേതാക്കളെ ബി.ജെ.പി നിരന്തരം വേട്ടയാടുകയാണെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് രാഹുലിനെ ക്ഷിപ്രവേഗത്തിൽ പുറത്താക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. കോൺഗ്രസുകാർക്ക് മാത്രമല്ല, നിഷ്‌പക്ഷമതികൾക്കും എളുപ്പം ദഹിക്കുന്ന കാര്യമല്ലിത്. നിയമവ്യവസ്ഥകൾക്ക് നിരക്കാത്തതാണ് ശരവേഗത്തിലെടുത്ത തീരുമാനമെന്ന് പൊതുവെ വിമർശനം ഉയർന്നുകഴിഞ്ഞു. അയോഗ്യത കല്‌പിച്ച തീരുമാനം മേൽക്കോടതികളും ശരിവച്ചാൽ അടുത്ത ആറുവർഷക്കാലം രാഹുലിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നുനില്‌ക്കേണ്ടിവരും.

Advertisement
Advertisement