ന്യായാധിപരെ ന്യായാധിപർ നിയമിക്കുമ്പോൾ
നമ്മുടെ രാജ്യത്ത് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപൻമാരുടെ നിയമനം പതിറ്റാണ്ടുകളായി 'കൊളീജിയം" എന്നറിയപ്പെടുന്ന സമ്പ്രദായത്തിലൂടെയാണ് നടത്തപ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ന്യായാധിപന്മാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്നത് ഉപരികോടതികളിലെ ഏറ്റവും മുതിർന്ന ഒരു ചെറുവിഭാഗം ന്യായാധിപന്മാർ തന്നെയാണ്.
നമ്മുടെ ഭരണഘടന ആർട്ടിക്കിൾ 124 പ്രകാരം സുപ്രീംകോടതിയിലെയും ആർട്ടിക്കിൾ 217 പ്രകാരം ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്. കൊളീജിയം സമ്പ്രദായം നിലവിൽ വരുന്നതുവരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും മറ്റ് മുതിർന്ന ന്യായാധിപന്മാരുമായും ചർച്ച ചെയ്തതിന് ശേഷം പ്രസിഡന്റ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിച്ചിരുന്നു. കൊളീജിയം സമ്പ്രദായത്തിലും പ്രസിഡന്റ് തന്നെയാണ് മേല്പറഞ്ഞ നിയമനങ്ങൾ നടത്തുന്നത്. എന്നാൽ കൊളീജിയം സമ്പ്രദായത്തിൽ ന്യായാധിപരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന രീതിയിൽ സമൂല മാറ്റം വന്നു. 1993ൽ ജസ്റ്റിസ്, പി.എൻ. ഭഗവതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ, നീതിന്യായ സംവിധാനത്തെ കൂടുതൽ സ്വതന്ത്രമാക്കുന്നതിനും, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി എന്ന ചിന്തയാൽ, സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്നതിന് പുതിയ സംവിധാനമായ കൊളീജിയം സമ്പ്രദായം ഏർപ്പെടുത്തി. ഇതിൽ സുപ്രീംകോടതി കൊളീജിയവും ഹൈക്കോടതി കൊളീജിയവുമുണ്ട്. സുപ്രീംകോടതി കൊളീജിയം എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തലവനായും മറ്റ് നാല് മുതിർന്ന സുപ്രീംകോടതി ന്യായാധിപർ ഉൾപ്പെട്ടതുമായ സമിതി. അതുപോലെ ഹൈക്കോടതി കൊളീജിയം എന്നാൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തലവനായും മുതിർന്ന രണ്ട് ഹൈക്കോടതി ന്യായാധിപർ ഉൾപ്പെട്ടതുമായ സമിതി.
സുപ്രീംകോടതി ന്യായാധിപന്മാരുടെ നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് സുപ്രീംകോടതി കൊളീജിയം ദീർഘമായി ചർച്ചചെയ്ത് കൊളീജിയത്തിന് അർഹമെന്ന് തോന്നുന്നവരുടെ പേരുകൾ സുപ്രീംകോടതി ന്യായാധിപന്മാരായി നിയമിക്കപ്പെടുവാൻ കേന്ദ്രമന്ത്രിസഭയ്ക്ക് ശുപാർശ ചെയ്യുന്നു. തുടർന്ന് പ്രധാനമന്ത്രിയിലെത്തുന്ന ശുപാർശകൾ അദ്ദേഹത്തിന്റെ ഉപദേശത്തോടെ പ്രസിഡന്റിന് അയയ്ക്കുന്നു. പ്രസിഡന്റ് ന്യായാധിപന്മാരെ നിയമിക്കുന്നു.
കൊളീജിയം സമ്പ്രദായത്തിലെ സുതാര്യതയില്ലായ്മയുടെയും മറ്റ് പോരായ്മകളുടെയും നേർക്ക് ഏറെ വർഷങ്ങളായി നിയമപണ്ഡിതരുടെയും പൊതുപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലും നമ്മുടെ ഭരണഘടനയിൽ കൊളീജിയം സമ്പ്രദായത്തെപ്പറ്റി വ്യവസ്ഥ ഇല്ലാത്തതിനാലും, സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരുടെ നിയമനത്തിന് ഒരു സ്വതന്ത്രസംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര സർക്കാരിന് ബോദ്ധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ ആക്ട് 2014 ൽ പാർലമെന്റ് പാസാക്കിയത്. നാഷണൽ ജുഡിഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിഷൻ സ്ഥാപിതമാകുമ്പോൾ അതിന്റെ ചെയർമാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമെന്നും കൂടാതെ ഏറ്റവും മുതിർന്ന രണ്ട് സുപ്രീംകോടതി ന്യായാധിപർ, കേന്ദ്ര നിയമമന്ത്രി, സമൂഹത്തിലെ ഉന്നതരായ രണ്ട് വ്യക്തികൾ (ഇവരെ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർ ചേർന്ന് തിരഞ്ഞെടുക്കുന്നു. ഉന്നതരായ വ്യക്തികളിലൊരാൾ പട്ടികവർഗ, പട്ടികജാതി, ഒ.ബി.സി, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവയിൽ നിന്നോ അതല്ലെങ്കിൽ സ്ത്രീയോ ആയിരിക്കേണ്ടതാണ് ) എന്നിവർ കമ്മിഷൻ അംഗങ്ങളായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. എൻ.ജെ.എ.സി നിയമവ്യവസ്ഥ പ്രകാരം സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമിക്കേണ്ടത്. എന്നാൽ സുപ്രീംകോടതി ഹൈക്കോടതി ന്യായാധിപന്മാരെ അവരുടെ നിർദ്ദിഷ്ട യോഗ്യതകൾ, കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമിക്കേണ്ടത്. എൻ.ജെ.എ.സി നിയമത്തിലുള്ള മറ്റൊരു വ്യവസ്ഥയാണ് ഏതെങ്കിലും രണ്ട് കമ്മിഷൻ അംഗങ്ങൾ എതിർത്താൽ അങ്ങനെ എതിർക്കപ്പെടുന്ന വ്യക്തിയെ ന്യായാധിപ നിയമനത്തിന് ശുപാർശ ചെയ്യാൻ പാടില്ല എന്നുള്ളത്. എന്നാൽ എൻ.ജെ.എ.സി ആക്ടിന്റെ സാധുത ചോദ്യം ചെയ്ത് നിരവധി കേസുകൾ സുപ്രീംകോടതിയിലെത്തുകയും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2015 ഒക്ടോബർ 16 ന് കമ്മിഷൻ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്ത് ബൃഹത്തായ ഒരു ലിഖിത ഭരണഘടന നിലവിലുണ്ട്. അതിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ഭരണസംവിധാനം, നിയമനിർമ്മാണ സംവിധാനം, നീതിന്യായ സംവിധാനം എന്നിവ പ്രവർത്തിക്കേണ്ടത്. നീതിന്യായ സംവിധാനത്തിന് ഭരണഘടനാ തത്വങ്ങൾ കാത്തുസൂക്ഷിക്കേണ്ട ബാദ്ധ്യതയുണ്ട്. നിയമവാഴ്ച, ജനാധിപത്യ ഭരണരീതി, സമത്വസിദ്ധാന്തം, നീതിപൂർവമായ തിരഞ്ഞെടുപ്പ് തുടങ്ങി പലതും, കൂടാതെ ഭരണഘടനാ അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കേണ്ട ചുമതല നീതിന്യായ സംവിധാനത്തിനാണ്. എൻ.ജെ.എ.സി നിയമത്തിന് ഏറെ പോരായ്മകളുണ്ടെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് ആ നിയമം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീംകോടതി ഒരു വിധി പ്രഖ്യാപിച്ചാൽ അത് രാജ്യമാകെ ബാധകമാണ്. എൻ.ജെ.എ.സി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചാൽ പിന്നെ ആ സ്ഥാപനത്തിന് യാതൊരു പ്രസക്തിയുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതുപോലെ പോരായ്മകൾ ദൂരീകരിച്ച് ഒരു പുതിയ സംവിധാനം കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റിന് ശ്രമിക്കാവുന്നതാണ്.