അഞ്ചാം ക്ലാസുകാരിക്ക് ക്രൂര പീഡനം: സ്കൂൾ പ്യൂൺ അറസ്റ്റിൽ

Saturday 25 March 2023 1:24 AM IST

ന്യൂഡൽഹി: അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്ത സംഘത്തിലെ സ്കൂൾ പ്യൂൺ അറസ്റ്റിൽ. ഡൽഹിയിലെ സ്കൂളിലെ പ്യൂണും

യു.പി സ്വദേശിയുമായ അജയ് കുമാർ ഇപ്പോൾ ഗാസിയാബാദിലാണ് താമസം. അജയ് കുമാറും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. ഇയാളുടെ സുഹൃത്തുക്കൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മാർച്ച് 14 നായിരുന്നു സംഭവം. കുട്ടിയെ മയക്കിയശേഷം സ്കൂളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം സ്‌കൂളിൽ വരാതിരുന്ന പെൺകുട്ടി വാർഷിക പരീക്ഷയ്‌ക്കുമെത്തിയില്ല. തുടർന്ന് അദ്ധ്യാപിക കാരണമന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് വയറുവേദനയും വയറിളക്കവുമെന്നായിരുന്നു മാതാവ് പറഞ്ഞത്. പിന്നീട് കുട്ടിയുടെ സഹോദരനാണ് കാരണം അദ്ധ്യാപികയോട് വെളിപ്പെടുത്തിയത്.

പൊലീസിൽ പരാതി നൽകാൻ അദ്ധ്യാപിക പറഞ്ഞെങ്കിലും ഭയം കാരണം കുടുംബം വിസമ്മതിച്ചു. തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. ഗാസിപ്പൂർ സ്‌കൂൾ പ്രിൻസിപ്പലും സഹ അദ്ധ്യാപകരും ചേർന്നാണ് പരാതി നൽകിയതെന്ന് പൊലീസ് കമ്മിഷണർ അമൃത ഗുഗുലോത്ത് പറഞ്ഞു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.