ഫാർമസിസ്റ്റുകളെ തഴഞ്ഞു; റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി തുലാസിൽ

Saturday 25 March 2023 1:00 AM IST

തൃശൂർ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയെങ്കിലും വേണ്ടത്ര ഫാർമിസിസ്റ്റ് തസ്തിക സൃഷ്ടിക്കാത്തത് മൂലം പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമില്ല. ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ തസ്തികകൾ സൃഷ്ടിച്ചപ്പോഴും ഫാർമസിസ്റ്റുകളെ തഴഞ്ഞതോടെ ഒന്നര വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഫാർമസിസ്റ്റ് ഗ്രേഡ് 2 മെയിൻ, സപ്‌ളിമെന്ററി ലിസ്റ്റിലെ 1,912 പേരുടെ ഭാവി തുലാസിൽ.

1,185 പേരാണ് മെയിൻ ലിസ്റ്റിലുള്ളത്. പ്രായപരിധി കഴിഞ്ഞതിനാൽ ലിസ്റ്റിലുള്ള പലർക്കും ഇനി പരീക്ഷയെഴുതാനാകില്ല. ചിലയിടങ്ങളിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നുമില്ല. കോഴിക്കോട് മുനിസിപ്പൽ കോമൺ സർവീസിൽ മൂന്ന് ഒഴിവുണ്ട്. നിലവിലുള്ള ലിസ്റ്റിൽ നിന്നാണ് കഴിഞ്ഞ വർഷം ഇവിടെ നിയമനം നടത്തിയത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ പ്രവൃത്തിസമയം രാവിലെ 9 മുതൽ 6 വരെയാക്കിയതോടെ രണ്ട് ഫാർമസിസ്റ്റുകളില്ലാതെ മരുന്നുവിതരണം നടത്താനാകില്ല.

മൂന്ന് ഘട്ടങ്ങളിലായാണ് ആരോഗ്യകേന്ദ്രങ്ങളെ ഉയർത്തിയത്. ഒന്നാംഘട്ടത്തിൽ 170 വീതം ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ, 340 സ്റ്റാഫ് നഴ്‌സ് 150 ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 400 വീതം ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യൻ തസ്തികകളുണ്ടാക്കിയെങ്കിലും ഫാർമസിസ്റ്റുകളെ തഴഞ്ഞു. മൂന്നാം ഘട്ടത്തിലും ഇതുതന്നെ സ്ഥിതി.

രോഗികളും മരുന്നും കൂടി

കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതോടെ ആശുപത്രിയിലെത്തുന്നവർ കൂടി. കൂടുതൽ മരുന്നും എത്തിയെങ്കിലും രണ്ടാൾ വേണ്ടിടത്ത്, ഭൂരിഭാഗം ആശുപത്രികളിലും കേന്ദ്രങ്ങളിലും ഒരു ഫാർമസിസ്റ്റേയുള്ളൂ. മരുന്ന് ലഭിക്കാൻ രോഗികൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കണം. ഫാർമസിസ്റ്റ് അവധിയാണെങ്കിൽ ചിലയിടങ്ങളിൽ മരുന്നു വിതരണം തടസപ്പെടുന്നുമുണ്ട്..

കുടുംബാരോഗ്യ കേന്ദ്രങ്ങളായത് 1074 എണ്ണം

റാങ്ക് ലിസ്റ്റിലുള്ളവർ

(ജില്ല തിരിച്ച്)

  • തിരുവനന്തപുരം: 161
  • കൊല്ലം: 140
  • പത്തനംതിട്ട: 107
  • ആലപ്പുഴ: 125
  • കോട്ടയം: 149
  • ഇടുക്കി: 129
  • എറണാകുളം: 183
  • തൃശൂർ: 210
  • പാലക്കാട്: 149
  • മലപ്പുറം: 187
  • കോഴിക്കോട്: 141
  • കണ്ണൂർ: 149
  • വയനാട്: 92
  • കാസർകോട്: 110

  • ആകെ: 2,032
  • നിയമിച്ചത്: 120
  • ബാക്കി: 1,912