രാഹുലിനെതിരെ കോൺഗ്രസിനുള്ളിൽ ഗൂഢാലോചന ബി ജെ പി

Saturday 25 March 2023 1:28 AM IST

ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പാർട്ടിയിൽ അഭിഭാഷകരുടെ ഒരു നിരയുണ്ടായിട്ടും സൂറത്ത് കോടതി വിധി യഥാസമയം ചോദ്യം ചെയ്യാതെ രാഹുലിനെ ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇത് രാഹുൽ ഗാന്ധി മനസ്സിലാക്കണം. ഇതിന് പിന്നിൽ ആരാണെന്ന് നിങ്ങൾ കണ്ടെത്തണം. 2009 മുതൽ ലോകസഭാംഗമായിട്ടും ലോകസഭയിലെ 21 ചർച്ചകളിൽ മാത്രമാണ് രാഹുൽ പങ്കെടുത്തത്. സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പരാജയമായിരുന്നു. സ്വന്തം സർക്കാർ പാസാക്കിയ ഓർഡിനൻസ് രാഹുൽ ഗാന്ധി വലിച്ചു കീറിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിക്ഷിക്കപ്പെട്ടതിന് സമാനമായ ഏഴ് കേസുകളിൽ രാഹുൽ ഗാന്ധി ജാമ്യത്തിലാണ്. അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി. വാർത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും പങ്കെടുത്തു.