ജർമ്മനിയിൽ തിങ്കളാഴ്ച പൊതുപണിമുടക്ക് വിമാന സർവീസുകളെയും ബാധിക്കും  ശമ്പളവർദ്ധന വേണമെന്ന് ആവശ്യം

Saturday 25 March 2023 2:10 AM IST

ബെർലിൻ: ജർമ്മനിയിൽ ട്രേഡ് യൂണിയനുകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് ട്രെയിൻ, ആഭ്യന്തര വാഹനസർവീസ്, വിമാനസർവീസ് തുടങ്ങിയവയെ ബാധിക്കും. രാജ്യത്തെ രണ്ട് പ്രമുഖ ട്രേഡ് യൂണിയനുകളാണ് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാണയപ്പെരുപ്പം മൂലമുണ്ടായ വിലക്കയറ്റം താങ്ങാനാവാത്ത അവസ്ഥയിൽ ശമ്പളവർദ്ധന വേണമെന്നാണ് താെഴിലാളികളുടെ ആവശ്യം. റെയിൽവേ തൊഴിലാളികൾ ഉൾപ്പെടെ അംഗങ്ങളായ വെർ ദി സർവീസ് വർക്കേഴ്സ് യൂണിയനും ഇ.വി.ജി യൂണിയനുമാണ് സമരരംഗത്തിറങ്ങുന്നത്.

1,20,000 തൊഴിലാളികൾ സമരരംഗത്തായിരിക്കുമെന്ന് വെർ ദി യൂണിയൻ നേതാവ് ഫ്രാങ്ക് വെണിക് പറഞ്ഞു. സുരക്ഷാ ജീവനക്കാർ, ഗ്രൗണ്ട് ജീവനക്കാർ തുടങ്ങി വിമാനത്താവളങ്ങളിലെ തങ്ങളുടെ അംഗങ്ങളായ തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വെണിക് പറഞ്ഞു. അതിനാൽ ബർലിൻ ഒഴികെ എല്ലാ നഗരങ്ങളിലെയും എയർപോർട്ടുകളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും. വാഹനസർവീസ് ശൃംഖലയിലുള്ളവരും സമരത്തിൽ പങ്കെടുക്കുമെന്നതിനാൽ വാഹനങ്ങളും നിരത്തിലിറങ്ങില്ല. ചില ടണലുകളുടെ പ്രവർത്തനത്തെയും സമരം ബാധിക്കും.

അതേസമയം, ഇ.വി.ജി യൂണിയന്റെ 2,30,000 ജീവനക്കാർ സമരരംഗത്തുണ്ടാവുമെന്ന് നേതാവ് മാർട്ടിൻ ബർക്കേർട്ട് പറഞ്ഞു. ഗവൺമെന്റ് സ്ഥാപനമായ ഡ്യൂയിഷ് ബാൻ ഉൾപ്പെടെ പ്രവർത്തിക്കില്ല. തിങ്കളാഴ്ച യാത്ര തുടരാൻ കഴിയില്ലെന്നതിനാൽ ഞായറാഴ്ച യാത്ര ചെയ്യുന്നവർ അതേദിവസം ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement