ശ്രദ്ധേയ വിധിയുമായി സുപ്രീംകോടതി: നിരോധിത സംഘടനയിലെ അംഗമായാലും യു.എ.പി.എ
ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വം തുടർന്നാലും യു.എ.പി.എ ചുമത്താമെന്ന് സുപ്രീംകോടതി. നിരോധിത സംഘടനയിലെ അംഗത്വം മാത്രമുള്ളവർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കാൻ കഴിയില്ലെന്ന മുൻ ഉത്തരവുകൾ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ടാഡ നിയമം പ്രയോഗിച്ചതുമായി ബന്ധപ്പെട്ട അരൂപ് ഭുയാൻ, റനീഫ്, ഇന്ദ്രദാസ് കേസുകളിൽ രണ്ടംഗബെഞ്ചെടുത്ത നിലപാട് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് തിരുത്തി.
കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനകളിൽ അംഗത്വമുള്ളത് കുറ്റകരമാണെന്ന് വ്യക്തമാക്കിയ കോടതി യു.എ.പി.എയിലെ 10(എ)(ഐ) വകുപ്പിന്റെ നിയമസാധുതയും അംഗീകരിച്ചു. 2011ലെ അരൂപ് ഭുയാൻ, റനീഫ് കേസുകളിൽ യു.എസ് സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചതും മൂന്നംഗബെഞ്ച് തള്ളി. രണ്ട് രാജ്യങ്ങളിലെയും നിയമങ്ങളുടെ സ്വഭാവ വ്യത്യാസങ്ങൾ ഇന്ത്യൻ കോടതികൾ കണക്കിലെടുക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.
നിരോധിത സംഘടനകളിൽ അംഗത്വമുള്ളത് കുറ്റകരമാണെന്ന വകുപ്പ് ചേർത്തിരിക്കുന്നത് മുൻകരുതലും മുന്നറിയിപ്പുമെന്ന നിലയിലാണെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്രർ ജനറൽ തുഷാർ മേഹ്ത അറിയിച്ചിരുന്നു.