കോവളത്ത് വീണ്ടും ടാക്‌സി ഡ്രൈവർമാരുടെ അതിക്രമം; പിതാവിനൊപ്പം ചികിത്സയ്‌ക്കെത്തിയ നെതർലൻഡ് സ്വദേശിക്ക് ക്രൂരമർദ്ദനം

Saturday 25 March 2023 9:10 AM IST

വിഴിഞ്ഞം: കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡിൽ തമ്മിലടിച്ച സ്വകാര്യ ടാക്സി ഡ്രൈവർമാരെ പിടിച്ചു മാറ്റാൻ ശ്രമിച്ച വിദേശ സഞ്ചാരിക്ക് ക്രൂരമർദ്ദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ടി.സി 454 ൽ ഷാജഹാൻ (40) ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നെതർലൻഡിൽ നിന്നു പിതാവിനൊപ്പം ചികിത്സയ്‌ക്കെത്തിയ കാൽവിൻ സ്കോൾട്ടിന് (27) ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ ടാക്സി ഡ്രൈവർമാരെ അവഗണിച്ച് സുഹൃത്തിന്റെ സ്വകാര്യ ടാക്സിയിൽ പോകുന്നതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. തലയ്‌ക്കും കൈക്കും ചുണ്ടിനും പരിക്കേറ്റ കാൽവിൻ ചികിത്സ തേടി.

ആയുർവേദ ചികിത്സയ്ക്കായി കഴിഞ്ഞ 18നാണ് ഇവർ കോവളത്ത് എത്തിയത്. താമസിച്ചിരുന്ന ലൈറ്റ് ഹൗസ് ബീച്ച് റോഡിലെ ഹോട്ടലിനു മുന്നിൽ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു കാൽവിൻ. ബൈക്കിലെത്തിയ പ്രതി വാഹനം കാറിന് കുറുകെ നിറുത്തി വിദേശിയെ പുറത്തേക്ക് വലിച്ചിറക്കി. ഇതുകണ്ട സുഹൃത്ത് പ്രതിയുമായി വാക്കേറ്റത്തിലായി. കാൽവിൻ ഇടപെട്ടതോടെ അക്രമി ഇയാളുടെ നേർക്കു തിരിഞ്ഞ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തായ മലയാളി യുവാവ് പറഞ്ഞു. ഇയാൾക്കും മർദ്ദനമേറ്റു.

അക്രമിക്കൊപ്പമെത്തിയ മറ്റു ഡ്രൈവർമാർ ഇയാളെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ പൊലീസെത്തി രക്ഷിക്കുകയായിരുന്നു. കോവളം പൊലീസ് വിദേശിയുമായി തെളിവെടുത്തു. ഹവ്വാ ബീച്ചിൽ സ്വകാര്യ കാറിൽ കയറാൻ ശ്രമിച്ച വിദേശിയെ കോവളത്തെ ടാക്സി ഡ്രൈവർമാർ അസഭ്യം പറഞ്ഞ സംഭവം നേരത്തെയുണ്ടായിരുന്നു. കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ. അനീഷ്, സി.പി.ഒ സെൽവൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement