ഛർദിയുമായെത്തിയ പെൺകുട്ടി മരിച്ചു, പോസ്റ്റുമോർട്ടം ചെയ്തപ്പോൾ തെളിഞ്ഞത് പീഡനം, അറസ്റ്റിലായത് ഉത്സവത്തിന് ചെണ്ടകൊട്ടാൻ എത്തി 13കാരിയെ പരിചയപ്പെട്ട യുവാവ്
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി നേരത്തെ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തോട്ടക്കാട് ഇരവിചിറ അനിൽ കോൺ കമ്പനി പ്പടി കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണു സുരേഷ്(26)നെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു.
പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേ കഴിഞ്ഞവർഷം സെപ്തംബർ ഒൻപതിനാണ് പെൺകുട്ടി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് അവിടെ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബോർഡ് രൂപീകരിച്ച്, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്ന് 29 കോളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണസംഘം വിഷ്ണുവിലേക്ക് എത്തുകയായിരുന്നു. . 2022 ആഗസ്റ്റ് 16 ന് ചങ്ങനാശേരി താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാൻ വന്നപ്പോഴാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. വീട്ടിൽ കുട്ടി തനിച്ചായിരുന്നപ്പോഴാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.