അയോഗ്യത തിരുത്തിയാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്കാണ് ഗുണം, ജനങ്ങളുടെ മനസിലെ പ്രധാനനേതാവ് അദ്ദേഹമാകും: കുറിപ്പ്

Saturday 25 March 2023 10:47 AM IST

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ കോൺഗ്രസ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. രാഹുൽ ഗാന്ധിയുടെ കുറ്റം സ്റ്റേ ചെയ്താലോ ശിക്ഷയിൽ ഇളവ് നൽകിയാലോ അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാകും. രണ്ടു വർഷത്തെ ശിക്ഷ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് അയോഗ്യത ഉണ്ടാകൂവെന്ന് ശ്രീജിത്ത് കുറിച്ചു.

എന്നാൽ പതിവുപോലെ നർമ്മത്തിൽ കലർന്ന പരിഹാസ ശരമെയ്യാനും ശ്രീജിത്ത് മറന്നില്ല. ജനങ്ങളുടെ മനസ്സിലെ പ്രധാന ബിജെപി ഇതര നേതാവ് രാഹുലാകുമെന്നും, ബിജെപിക്ക് വേണ്ടതും അതാണെങ്കിലോ എന്ന ചോദ്യവുമായാണ് ഫേസ്ബുക്ക് കുറിപ്പ് പണിക്കർ അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ കോൺഗ്രസ് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. മേൽക്കോടതികൾ കീഴ്‌ക്കോടതി വിധികളെ മരവിപ്പിക്കുകയോ കാഠിന്യം കുറയ്ക്കുകയോ ഒക്കെ ചെയ്യുന്നതാണ് മിക്കപ്പോഴും കാണുന്നത്. രാഹുൽ ഗാന്ധിയുടെ കുറ്റം സ്റ്റേ ചെയ്താലോ ശിക്ഷയിൽ ഇളവ് നൽകിയാലോ അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാകും. രണ്ടു വർഷത്തെ ശിക്ഷ ലഭിച്ചാൽ മാത്രമേ അദ്ദേഹത്തിന് അയോഗ്യത ഉണ്ടാകൂ.

അയോഗ്യത തിരുത്തിയാലും ഇല്ലെങ്കിലും രാഹുൽ ഗാന്ധിക്കാണ് ഗുണം. ജനങ്ങളുടെ മനസ്സിലെ പ്രധാന ബിജെപി ഇതര നേതാവ് അദ്ദേഹമാകും. പ്രതിപക്ഷ നിരയിലെ ഒന്നാമൻ. മമതാ ബാനർജിയും മറ്റും വേറെ പ്രതിപക്ഷ നേതൃത്വത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇതെന്നോർക്കണം.

ബിജെപിക്ക് വേണ്ടതും അതാണെങ്കിലോ?''