ജയിലറുടെ ക്‌ളൈമാക്സിൽ കേരളം, രജനീകാന്ത് വീണ്ടുമെത്തി, ഷൂട്ടിംഗ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിൽ
ചാലക്കുടി: ഉലകമന്നൻ രജനീകാന്ത് വീണ്ടും വെള്ളച്ചാട്ടങ്ങളുടെ നാട്ടിൽ. ജയിലർ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനായാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ ഇട്ട്യാണിയിലെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് വന്ന അദ്ദേഹത്തിന് മൂന്ന് മണിക്കൂർ നേരത്തേക്കായിരുന്നു ചിത്രീകരണം.
ക്ലൈമാക്സ് ഉൾപ്പെട്ട മൂന്ന് സീനുകളെടുത്തു. വൈകീട്ടോടെ തിരിച്ചുപോയി. വിമാന മാർഗ്ഗം നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ രജനീകാന്ത് കാറിലാണ് അതിരപ്പിള്ളിയിൽ വന്നതും തിരിച്ചുപോയതും. ചിത്രീകരണത്തിനായി സമീപത്തെ റിസോർട്ടിൽ തങ്ങി. നെൽസൺ ദീലിപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.
മലയാളത്തിൽ നിന്ന് മോഹൽലാലും ചിത്രത്തിലുണ്ട്. വിനായകൻ, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. തമിഴ് സിനിമകളുടെ ചിത്രീകരണത്തിനായി മുമ്പ് പലതവണ രജനീകാന്ത് അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.