കൊലക്കേസിലെ ഏകസാക്ഷി, നീലം ശർമ കേസിൽ നിർണായക മൊഴി നൽകിയത് വളർത്തുതത്ത; പ്രതികൾക്ക് ജീവപര്യന്തം തടവ്

Saturday 25 March 2023 12:19 PM IST

ആഗ്ര: വളർത്തുതത്ത ഏകസാക്ഷിയായ കൊലക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ്. ആഗ്രയിലെ മുൻനിര പത്രത്തിലെ ചീഫ് എഡിറ്ററായ വിജയ് ശ‌ർമയുടെ ഭാര്യ നീലം ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അശുതോഷ്, റോണി എന്നിവർക്കെതിരെ ഒൻപത് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2014 ഫെബ്രുവരി പത്തിനാണ് നീലം സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. പ്രതികൾക്ക് 72,000 രൂപ പിഴയും വിധിച്ചു.

കൊലയ്ക്ക് ശേഷം നീലത്തിന്റെ വീട്ടിൽ കവർച്ച നടന്നെങ്കിലും പൊലീസിന് പ്രതികളുമായി ബന്ധപ്പെട്ട് ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാൽ വളർത്തുതത്തയായ ഹെർക്യൂളിന്റെ ഒച്ചയാണ് കേസിൽ നിർണായകമായത്. സംഭവദിവസം, നീലവും വളർത്തുനായയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജയ് ശർമയും മക്കളായ രാജേഷും നിവേദിതയും ഫിറോസാബാദിൽ ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു.

തിരികെ രാത്രി ഏറെ വൈകിയാണ് മൂവരും വീട്ടിൽ തിരികെയെത്തിയത്. തുടർന്ന് ഭാര്യയെയും വളർത്തുനായയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസിനെ അറിയിച്ചു. അതേസമയം, ഇവരുടെ വളർത്തുതത്തയായ ഹെർക്യൂൽ സംഭവത്തിന് ശേഷം ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയുമായി. ഒച്ചയുണ്ടാക്കുന്നതും നിന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ശർമ തത്ത കൊലപാതകം കണ്ടിരിക്കാമെന്ന് സംശയിക്കുകയായിരുന്നു.

തുടർന്ന് കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പേരുകൾ ഒരോന്നായി തത്തയോട് പറഞ്ഞപ്പോൾ അശുതോഷിന്റെ പേരുകേട്ട് തത്ത 'അശു അശു' എന്ന് ഒച്ചയിടാൻ തുടങ്ങി. ഇതേത്തുടർന്ന് വിജയ് ശർമ വിവരം പൊലീസിനെ അറിയിക്കുകയും അശുതോഷിനെ ചോദ്യം ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അശുതോഷ് കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണശ്രമം നീലം ശർമ കണ്ടതിനെത്തുടർന്ന് കത്തിയുപയോഗിച്ച് നീലമിനെ പതിനാല് തവണ കുത്തുകയും തന്നെ നോക്കി കുരച്ചതിനാൽ നായയെ ഒൻപത് തവണ കുത്തിയും കൊല്ലുകയുമായിരുന്നു. ഇതെല്ലാം തത്ത കണ്ടിരുന്നു.

അശുതോഷ് വീട്ടിൽ ഏറെക്കാലം താമസിച്ചിരുന്നെന്നും ഇടയ്ക്കിടെ വന്നുപോകുമായിരുന്നെന്നും നീലം ശർമയുടെ മകൾ നിവേദിത പറയുന്നു. എം ബി എ കോഴ്‌സ് ചെയ്യുന്നതിനാൽ അശുതോഷിന് പിതാവ് 80,000 രൂപ കൊടുത്തിട്ടുണ്ട്. വീട്ടിൽ സ്വർണവും പണവും എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് അശുതോഷിന് അറിയാമായിരുന്നെന്നും തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മകൾ വ്യക്തമാക്കി.

കേസിൽ ഉടനീളം തത്തയെ പരാമർശിച്ചെങ്കിലും എവിഡൻസ് ആക്ടിൽ അങ്ങനെയൊരു വ്യവസ്ഥയില്ലാത്തതിനാൽ തെളിവായി ഹാജരാക്കിയിരുന്നില്ല. സംഭവം നടന്ന് ആറ് മാസത്തിന് ശേഷം തത്ത ചത്തുപോയെന്നും നിവേദിത പറഞ്ഞു.