'മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഭീഷണിയും ജയിലും എനിക്ക് ഭയമില്ല'; ഇതുകൊണ്ടൊന്നും നിശബ്ദനാകില്ലെന്ന് രാഹുൽ ഗാന്ധി

Saturday 25 March 2023 1:53 PM IST

ന്യൂ‌ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്പ് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചു. പാര്‍ലമെന്റില്‍ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്സഭാ സ്പീക്കര്‍ക്ക് വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല' - രാഹുല്‍ പറഞ്ഞു.