'താനാരോ തന്നാരോ' നാടൻ പാട്ടുമായി ബാബുരാജും ജിനുവും ഗണപതിയും, നല്ല നിലാവുള്ള രാത്രിയിലെ ആദ്യഗാനം പുറത്ത്

Saturday 25 March 2023 3:27 PM IST

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’യിലെ ആദ്യഗാനം പുറത്തിറങ്ങി. "താനാരോ തന്നാരോ" എന്ന് തുടങ്ങുന്ന അടിച്ചുപൊളി ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾ തന്നെയാണ്. നടൻ ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ്, ഗണപതി, നിതിൻ ജോർജ്, സജിൻ എന്നീ നടന്മാരോടൊപ്പം രാജേഷ് തംബുരു, സംഗീത സംവിധായകൻ കൈലാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിക്കുന്നത്.

ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ് തുടങ്ങിയവർ അണിനിരക്കുന്ന ഒരു അടിച്ചുപൊളി പാട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സംവിധായകൻ മർഫി ദേവസി തന്നെയാണ്.

സംവിധായകനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ആദ്യത്തെ ചിത്രമാണ്. ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാതെ മുഴുവൻ പുരുഷന്മാരെ അണിനിരത്തിയാണ് ഈ ചിത്രമെത്തുന്നതെന്നതാണ് പ്രത്യേകത.

ചെറുപ്പക്കാരെയും പുതുമയുള്ള ആക്ഷൻ ചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നവരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും 'നല്ല നിലാവുള്ള രാത്രിയിൽ' എന്ന് സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. ചെമ്പൻ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും എഡിറ്റിംഗ് ശ്യാം ശശിധരനും നിർവഹിച്ചിരിക്കുന്നു.