വേമ്പനാട്ടുകായലിൽ 44 കീടനാശിനി സാന്നിദ്ധ്യം.

Sunday 26 March 2023 12:44 AM IST

കോട്ടയം : മലിനീകരണതോത് അപകടകരമാംവിധം ഉയർന്ന് വേമ്പനാട്ടുകായൽ വിഷമയമായി മാറിയെന്ന് സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് കൺസർവേഷൻ പഠനം. വിവിധങ്ങളായ 30 കീടനാശിനികളുടെ സാന്നിദ്ധ്യം തെക്കൻ വേമ്പനാട്ടുകായൽ ഉപരിതലത്തിലും (തണ്ണീർമുക്കം ഭാഗത്തും), 14 കീടനാശികളുടെ സാന്നിദ്ധ്യം തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി വരെ വരുന്ന മദ്ധ്യ വേമ്പനാട്ടുകായലിലും കണ്ടെത്തി. മൂന്ന് മാസം തണ്ണീർമുക്കം ബണ്ട് അടഞ്ഞു കിടക്കുന്ന ഒഴുക്കില്ലാത്ത ഭാഗത്ത് ഇരട്ടിയിലേറെ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത് ബണ്ട് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തിന്റെ തെളിവായി. ഓർഗാനോ ക്ളോറിൻ, ഓർഗനോഫോസ് ഫേറ്റ്, യൂറിയയുടെ വിവിധ വിവിധ വകഭേദങ്ങളും ഇതിൽ ഉൾപ്പെടുന്നു. കായലിലെ പ്ലാസ്റ്റിക് അളവ് ലോകത്തിലെ സമാന ആവാസവ്യവസ്ഥയേക്കാൾ വളരെ കൂടുതലാണ്. 3005 ടൺ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം അടിത്തട്ടിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ കണ്ടെത്തി. 2767 ടൺ പ്ലാസ്റ്റിക് മാലിന്യവും തണ്ണീർമുക്കം ബണ്ടുള്ള ഭാഗത്താണ്. അനുവദനീയ അളവിലും കൂടുതലാണ് ബണ്ടിനിപ്പുറം മൈക്രോ പ്ലാസ്റ്റിക് മലിനീകരണം. വരുത്തൻ കക്കയിൽ (കല്ലുമ്മക്കാ) മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കൂടുതലാണ്. 1. 4 മുതൽ 4.7 വരെ ഒരു ഗ്രാം കല്ലുമ്മക്കായിൽ കണ്ടു.

ആശങ്ക പരത്തി ഡിയുറോൺ

മദ്ധ്യ വേമ്പനാട്ടുകായലിൽ കളനാശിനിയായ ഡിയുറോണിന്റെ സാന്നിദ്ധ്യം ആശങ്കയാകുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് കായൽ മത്സ്യങ്ങളുടെയും കക്കകളുടെയും ലഭ്യത കുറച്ച് കായലിന്റെ ഉത്പാദന ക്ഷമതയിൽ മാറ്റം വരുത്തും. മൈക്രോ ആൽഗകളായ (മത്സ്യങ്ങൾക്കു തീറ്റയാകുന്ന കളകൾ) ക്ലോറോഫൈസിയ, ഡയനോഫൈസിയ എന്നിവയുടെ വളർച്ചയെ കളനാശിനിയുടെ സാന്നിദ്ധ്യം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഡിയുറോണിന്റെ സാന്നിദ്ധ്യം മൺസൂൺ കാലത്തും അല്ലാത്തപ്പോഴും മാറുന്നുണ്ട്. മൺസൂൺ അല്ലാത്തപ്പോഴാണ് കൂടുതൽ സാന്നിദ്ധ്യമുള്ളത്. തെക്കൻ കായലിൽ മൺസൂണിൽ ഇതു കുറയുന്നുണ്ട്.

ഉപരിതല ജലമലിനീകരണം കുറവ്

കായലിൽ ഉപരിതല ജലമലിനീകരണം (സർഫസ് ഓർഗാനിക് പൊല്യൂഷൻ) വളരെക്കുറവാണെന്നാണ് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമായ പാൾമർ ഓർഗാനിക് പൊല്യൂഷൻ സൂചികയനുസരിച്ച് 15 ൽ താഴെ മാത്രമാണിത്. 20 ന് മുകളിലാകുമ്പോഴാണ് സൂചിക പ്രകാരം മലിനീകരണം അപകടകരമാകുന്നത്.