വാട്‌സ് ആപ്പ് കൂട്ടായ്മ വഴി സ്വന്തമാക്കിയത് അരയേക്കർ സ്ഥലം പുറയ്ക്കാട്ടുകാവിലമ്മയ്ക്ക് ഇത് ഭക്തരുടെ കാണിക്ക.
പാലാ . മേവടപ്പൂരത്തിന് ഇന്ന് തിരിതെളിയുമ്പോൾ പുറയ്ക്കാട്ടുകാവിലമ്മയുടെ ഭക്തരും ആഹ്ലാദത്തിലാണ്. അമ്മയ്ക്ക് സ്വന്തമായി അരയേക്കറിൽപ്പരം സ്ഥലം കൂട്ടായി കാണിക്ക അർപ്പിച്ചതിന്റെ നിർവൃതിയിലാണ് മേവടഗ്രാമം. ''പുറയ്ക്കാട്ടുകാവ്'' എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ചുരുങ്ങിയകാലം കൊണ്ട് ഭക്തജനങ്ങൾ സ്വരുക്കൂട്ടിയത് ഒന്നേകാൽക്കോടി രൂപയാണ്. പുറയ്ക്കാട്ടുകാവിനോട് ചേർന്നുള്ള അരയേക്കറിന്റെ വിശാലത ഇനി പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിൾ സൊസൈറ്റിയുടെ വകയാണ്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമിയെല്ലാം പിടിച്ചടക്കുമെന്ന് ദേവസ്വംബോർഡിന്റെ പതിവ് പല്ലവിയ്ക്ക് മറുകുറിപ്പാണ് മേവട ഗ്രാമം കാണിച്ച് കൊടുക്കുന്നത്. അഡ്മിൻ തെക്കേപേങ്ങാട്ട് പി ജി അനിൽകുമാറിന്റെയും പന്തലാനിക്കൽ മനോജ് എസ് നായരുടെയും നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ്. താലപ്പൊലി ഉത്സവത്തിന് പോലും വേണ്ടത്ര സ്ഥലമില്ലാത്തത് ഭക്തരുടെ നിത്യദുഃഖമായിരുന്നു.
ക്ഷേത്രത്തിനകത്തുള്ള സ്ഥലവും ക്ഷേത്രത്തിലേക്കുള്ള ചെറിയൊരു വഴിയും മാത്രമായിരുന്നു പൂരം ഉത്സവത്തിന്റെ നാലതിര്. കഴിഞ്ഞ വർഷം ക്ഷേത്രത്തോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ മൈതാനം മേവടപ്പൂരത്തിന് വിട്ടുകിട്ടി. ഇതോടെ നാനാ ജാതി മതസ്ഥർ ഉൾപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ ഒരു തീരുമാനമെടുത്തു. അടുത്തവർഷം ഈ സ്ഥലം സ്വന്തമായി വാങ്ങി ഉത്സവം നടത്തുമെന്ന്. അതാണ് ഇന്ന് സഫലമായത്.
പി ജി അനിൽകുമാർ പറയുന്നു.
ഓരോ ദിവസവും പൈസ തരുന്നവരുടെ വിവരങ്ങൾ അവരുടെ വീടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം സഹിതം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇതെല്ലാവർക്കും പ്രയോജനമായി.
സ്ഥലം മാത്രമല്ല സ്റ്റേജും നടപ്പന്തലും സ്ഥലംവാങ്ങലിൽ മാത്രം ഒതുങ്ങിയില്ല സേവാ സൊസൈറ്റിയുടെ പ്രവർത്തനം. ക്ഷേത്രത്തിന് മുന്നിൽ വിശാലമായ നടപ്പന്തലും സ്റ്റേജും പണികഴിപ്പിച്ചു. ഇന്ന് സമർപ്പണവും നടക്കും. ഇതോടൊപ്പം സേവാസൊസൈറ്റി നൽകുന്ന ചികിത്സാനിധിയുടെ വിതരണവുമുണ്ടാകും. സമ്മേളനത്തിൽ സി എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രത്തിന് സ്ഥലം വിട്ടുനൽകിയ വി എൻ വാസുദേവൻ നമ്പൂതിരി ഉൾപ്പെടെ വിവിധമേഖലകളിലെ 12 പേരെ ആദരിക്കും.