ആര്യൻ ഇനി സംവിധായകൻ നിവിൻ പോളി നായകൻ
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുകയാണെന്ന അടിക്കുറിപ്പോടെ ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് നിവിൻ പങ്കുവെച്ചത്. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടും. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ കുട്ടു ശിവാനന്ദനാണ്. പി. ആർ. ഒ - ശബരി. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ. ജനഗണമന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണ് രചന. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നിവിൻ ചിത്രത്തിന്റെ ദുബായ് ഷെഡ്യുൾ പൂർത്തിയായി.