നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല,​ ഗുരുതരമായി തുടരുന്നു,​ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Saturday 25 March 2023 7:55 PM IST

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എം. പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി വൈകിട്ട് അഞ്ചിന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ബുള്ളറ്റിനിൽ പറയുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യന്ത്രങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിലാണ് ഇന്നസെന്റെന്നും മറ്റുതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും നടൻ ഇടവേള ബാബുവും അറിയിച്ചിരുന്നു.

അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവിൽ എക്മോ ചികിത്സയിലാണ്. ഹൃദയം,​ ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങൾ എറ്റെടുക്കുന്ന രീതിയാണിത്.