മോദിയുടെ താമര വിരിയും,​ കർണാടകയിൽ ബി ജെ പിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി

Saturday 25 March 2023 9:01 PM IST

ബംഗളുരു: കർണാടകയിൽ മോദിയുടെ താമരവിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകത്തിൽ ബി.ജെ.പിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാടായ കലബുർഗി കോർപ്പറേഷനിൽ ബി.ജെ.പി ജയിച്ചത് അതിന്റെ തെളിവാണെന്നും മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ദാവനഗരെയിൽ സംഘടിപ്പിച്ച വിജയ് സങ്കല്പ രഥയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

മോദി എന്തുചെയ്തിട്ടാണ് കലബുർഗിയിൽ ബി.ജെ.പി ജയിച്ചത്. ഇത് ജനവിധിയാണ്. ഇനി അതിന്റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. സ്വന്തം പാർട്ടിക്കാരെ മാനിക്കാത്ത കോൺഗ്രസ് നേതാക്കൾ ജനങ്ങളെ മാനിക്കുമോ എന്ന് സിദ്ധരാമയ്യ പാർട്ടിപ്രവർത്തകനെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

കോൺഗ്രസ് എന്നും ജനങ്ങളെ ചതിക്കുന്ന പാർട്ടിയാണ്. കോൺഗ്രസിന്റെ പക്കൽ രാജ്യത്തിനു വേണ്ടിയോ കർണാടകയ്ക്ക് വേണ്ടിയോ പോസിറ്റീവ് അജണ്ടയില്ല. കോൺഗ്രസിന്റെ സ്വപ്നം മോദിയുടെ ഖബർ കുഴിക്കുന്നതാണ്,​ കോൺഗ്രസിനറിയില്ല,​ മോദിയുടെ താമര വിരിയുമെന്നതാണ് ജനങ്ങൾ അവർക്ക് നൽകാൻ പോകുന്ന മറുപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.